Saturday, December 21, 2013

2013 മലയാളം സിനിമ ഒരു ഒന്നൊന്നര അവലോകനം





                  ധാ... ധിപ്പോ ഈ പോസ്റ്റ്‌ എഴുതുന്ന വരെ ഏതാണ്ട് നൂറ്റി അറുപതോളം മലയാള സിനിമകള്‍ തിയേറ്റര്‍ വഴിയും വ്യാജ സീഡി വഴിയും മൊബൈല്‍ 3GP ആയും ഒക്കെ റിലീസ് ആയിട്ടുണ്ടെന്നാണ് വിക്കി അപ്പൂപ്പന്‍ പറയുന്നത്. അതിനകത്ത് ഞാന്‍ കണ്ടതും കാണപ്പെട്ടതും ആയ കുറച്ച് സിനിമകളെ പറ്റി ഒരു ചെറ്യേ അവലോകനം ആണ് ഉദ്ദേശിക്കുന്നത്.

1. അന്നയും റസൂലും

                       നല്ല തുടക്കം ആയിരുന്നു 2013. റിയലിസ്ടിക്  ആയ ഒരു പ്രണയ കാവ്യം. പ്രണയം എന്നാല്‍ ഉമ്മ കൊടുക്കലും പാര്‍ക്കില്‍ പോവലും സിനിമ കാണലും പിന്നെ ഒളിച്ചോട്ടവും മാത്രം അല്ലെന്ന് കാട്ടി തന്ന ആദ്യ മലയാളം പടം എന്നൊക്കെ വേണേല്‍ പറയാം. പദ്മരാജന്‍ ഫാന്‍സ്‌ ഒരു കയ്യകലം മാറി നിക്കണം. തൂവാനത്തുമ്പി വേ ഇത് റെ....

2.നീ കോ ഞാ ചാ

                        ഇത് ന്യൂ ജെനറേഷന്‍  അതോണ്ട് ഞാനും ന്യൂ ജെനറേഷന്‍ സില്‍മ ഇറക്കിയില്ലേല്‍ അമ്മ വഴക്ക് പറയും എന്ന് സംവിധായകന് പേടി ആയിട്ട് ഇറക്കിയ സില്‍മ ആണ്. വൈകുന്നേരം ചായ കുടിക്കുമ്പോ ഒക്കെ ഇരുന്നു കാണാം എന്ന് കരുതി പ്ലേ ചെയ്താലും ചെലപ്പോ കാണാന്‍ സാധിക്കില്ല.  ഡി ഡി ന്യൂസ് വെച്ച് ചായ കുടിക്കുന്നതാവും ഭേദം.

3.റോമന്‍സ്

                       ദിലീപ് ചളികള്‍ മാത്രം കേട്ട് തഴക്കം വന്ന് പോയ മലയാളി ആയതുകൊണ്ടാവാം ഈ സിനിമ ഇറങ്ങിയപ്പോ നല്ല റെസ്പോന്‍സ്‌ കിട്ടിയത്. വല്ല്യ സംഭവം സിനിമ ഒന്നും അല്ല. എന്നാലും കുഞ്ചാക്കോ ബോബനും ബിജു മേനോനും മോശമാക്കാതെ ചിരിപ്പിച്ച് ഇരുത്താന്‍ ഉള്ളതൊക്കെ ഉണ്ടാക്കി.

4.ഡ്രാക്കുള 2012

                        ആദ്യമായി ആണ് സമ്പൂര്‍ണമായും മൈക്രോസോഫ്റ്റ് പവര്‍പോയിന്‍റില്‍ അനിമേഷന്‍ ചെയ്ത ഒരു സിനിമ കാണാന്‍ സാധിച്ചത്. ഡ്രാക്കുള നല്ല കൊമേഡിയന്‍ ആണ്. വിഷമം വരുമ്പോ ഒക്കെ ഇരുന്നു ചിരിക്കാന്‍ വേണ്ടി ഈ സിനിമ ഇപ്പോഴും ലാപ്പില്‍ വെച്ചിട്ടുണ്ട്.

കാമുകിയുടെ കൂടെ ഷോപ്പിംഗിന് ഇറങ്ങിയ ഡ്രാക്കുള

5.നത്തോലി ഒരു ചെറിയ മീനല്ല

                     എനിക്കിഷ്ടപ്പെട്ടു. സാമ്പ്രദായിക സിനിമാ ചട്ടക്കൂടുകളെ പൊളിച്ചടിച്ച ഒരു സിനിമ ആയി തോന്നി. ഇന്ന രീതിയില്‍ മാത്രേ സിനിമ പിടിക്കാവൂ എന്നൊന്നും നിയമം  ഇല്ലല്ലോ. V K പ്രകാശിന്‍റെ ഇഷ്ടപ്പെട്ട ഏക പടം.

6.സെല്ലുലോയ്ഡ്‌

                        കമല്‍ സാര്‍ അവാര്‍ഡ്‌ വാങ്ങാന്‍ വേണ്ടി മാത്രം പിടിച്ച സിനിമ. മോശം ഒന്നും ഇല്ല. പക്ഷെ ഇനീം ഒരുപാട് നന്നാക്കാമായിരുന്നു. പൃഥ്വിരാജ് എന്ന ഒരു നടന്‍റെ ഒരു അഞ്ചാറു ഭാവങ്ങള്‍ എങ്കിലും പുറത്തുകൊണ്ടു വരാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്‌.

7.കൌബോയ്

                          അസിഫ് അലി അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആവും എന്ന് ആകെക്കൂടി ഒരു പതിനഞ്ച് പേര് പറഞ്ഞതോണ്ട് പോയി കണ്ടേക്കാം എന്ന് കരുതിയ പടം. പുതിയ കൊറേ തെറികള്‍ പഠിക്കാന്‍ പറ്റി എന്നതാണ് ഈ സിനിമ തിയേറ്ററില്‍ പോയി കണ്ടത് കൊണ്ട് കിട്ടിയ ഗുണം. സീഡി വെറുതെ തരാം എന്ന് പറഞ്ഞ് കൊറേ പേര്‍ ഈ സിനിമ കാണാന്‍ നിങ്ങളെ നിര്‍ബന്ധിച്ചേക്കും, വഴങ്ങിയാല്‍ ജീവിതം ഗുദാ ഹുവാ!!

അസിഫ് അലി ഇന്‍ കൌബോയ് (മുന്നില്‍ നിന്നും ആദ്യം നില്‍ക്കുന്നു)

 8. 10:30 AM Local Call

                      നല്ലൊരു കിടിലം സ്ക്രിപ്റ്റ് കൊണ്ടുപോയി

Wednesday, December 18, 2013

ഞാന്‍ ഇഞ്ചിനീരായ കഥ-3: എം എ കോളേജിൽ.....

         അങ്ങനെ ജനശതാബ്ധി എക്സ്പ്രസ്സ് കുതിച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പും പല തവണ ട്രെയിനില്‍ കയറിയിട്ടുണ്ട്. എങ്കിലും ട്രെയിനില്‍ വിവിധ കമ്പാര്‍ട്ട്മെന്‍റുകള്‍ എവിടെ ഒക്കെയാണ്,ടിക്കറ്റ് എങ്ങനെ എടുക്കണം,സ്റ്റോപ്പുകള്‍  എന്നതിനെ പറ്റിയൊന്നും  യാതൊരു വിധ മുന്‍ധാരണകളും ഉണ്ടായിരുന്നില്ല. കാരണം,അന്നൊക്കെയും അച്ഛന്‍ ഉണ്ടാവുമായിരുന്നു കൂടെ. ഇനി ഉള്ള നാല് വര്‍ഷം ട്രെയിനില്‍ ഒറ്റക്ക് യാത്ര ചെയ്യേണ്ടതിനാല്‍ അതേ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ആ യാത്രയില്‍ തന്നെ അച്ഛനോട് ചോദിച്ച് മനസ്സിലാക്കി.

      "ഏറ്റവും പുറകിലും മുന്‍പിലുമായി ഒന്നോ രണ്ടോ കമ്പാര്‍ട്ട്മെന്‍റുകള്‍ മാത്രമായിരിക്കും സാധാരണ ഒരു എക്സ്പ്രെസ്സ് ട്രെയിനിനു അലോട്ട് ചെയ്തിട്ടുണ്ടാവുക.നടുവിലായി സ്ലീപ്പര്‍,എ.സി,സിറ്റിംഗ് തുടങ്ങിയവയും ഉണ്ടാവും. ട്രെയിനിന്‍റെ സ്വഭാവം അനുസരിച്ച് ഇതെല്ലാം മാറാം. അതായത് ചില ദൂരദേശ ട്രെയിനുകള്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ കുറവായിരിക്കും. പകരം റിസര്‍വേഷന്‍ കൂടും...."

ഇടയ്ക്ക് ഞാന്‍ ഒരു ഡൌട്ട് ഇട്ടു

    " ഈ പാസഞ്ചര്‍ ട്രെയിന്‍ ആണോ അതോ എക്സ്പ്രസ്സ് ആണോ സ്പീഡി പോവാ?? "  ( കട്ട സംശയം )

        അത് കേട്ടപ്പോ അടുത്തിരുന്ന ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്‍ പതിയെ തല പൊക്കി നോക്കി. ഇയ്യാളിപ്പോ ഇതെന്തിനാ ഇങ്ങനെ നോക്കുന്നത് എന്ന സംശയം എന്നെ ഒരു നിമിഷാര്‍ദ്ധം അലട്ടി. പിന്നീട് അച്ഛന്‍ അതിന്‍റെ കാര്യം പറഞ്ഞു തന്നപ്പോള്‍ മാത്രമാണ് ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായത്.
   
           ഒരുപാട് ട്രെയിന്‍ യാത്ര ചെയ്ത ആള്‍ എന്ന അഹങ്കാരത്തോടെ അച്ഛന്‍ എല്ലാം പറഞ്ഞു കൊണ്ടേ ഇരുന്നു. കൂടെ കുറെ ഉപദേശങ്ങളും. "പല കുട്ടികളും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാന്‍ ഒക്കെ നിന്നെ നിര്‍ബന്ധിക്കും.പക്ഷെ കേക്കരുത്.ടിക്കറ്റ് എടുത്ത് തന്നെ പോയാതി... അഥവാ എങ്ങാന്‍ ടി ടി ആര്‍ വന്നാ ഉള്ളതിന്‍റെ മൂന്നു മടങ്ങ്‌ വരെ ഒക്കെ ഫൈന്‍ അടയ്ക്കേണ്ടി വരും... പിന്നെ...ഒരിക്കലും ട്രെയിന്‍ എടുത്ത് കഴിഞ്ഞാല്‍ പിന്നെ ചാടിക്കയറരുത്,ട്രെയിന്‍ പോയാല്‍ വേറെ ബസ് കിട്ടും,ആള് കാലിയായാല്‍ പിന്നെ വേറൊന്നും കിട്ടില്ല..."

       അല്ല... പുള്ളിയെ കുറ്റം പറയാന്‍ പറ്റില്ല. എനിക്കാണേല്‍ ഒരു ഇന്‍ഷുറന്‍സ് പോലും ഇല്ല. കാഞ്ഞു പോയാ പോയതാ. ഡിങ്കന് പോലും രക്ഷിക്കാന്‍  പറ്റൂല. ഞാന്‍ എല്ലാം തലയാട്ടി കേട്ടുകൊണ്ടിരുന്നു. പക്ഷെ നാല് വര്‍ഷ ബി ടെക്കിനിടയില്‍ അതില്‍ ഒന്ന് പോലും കൃത്യമായി പാലിച്ചില്ല എന്നത് പച്ച വെള്ളം പോലെ സത്യം. കാല് നിലം തൊടാതെ ട്രെയിനിന്‍റെ അകത്തും പുറത്തും തൂങ്ങി യാത്ര ചെയ്ത എത്രയെത്ര മനോഹരമായ ദിവസങ്ങള്‍...

 
           അങ്ങനെ ഒരു വിധം കോതമംഗലം എത്തി. സമയം വൈകീട്ട് ഒരു നാല് മണി ആയതേ ഉള്ളു. കോളേജ് ഒക്കെ ഒന്ന് കണ്ടേക്കാം എന്ന് കരുതി അവിടേക്ക് വച്ചു പിടിച്ചു. ഇത്തിരി മല കയറാന്‍ ഉണ്ട്. പത്തിലും പന്ത്രണ്ടിലും ഒരുപാട് മലകള്‍ കയറി ശീലമുള്ളതിനാല്‍ ഈ മല കയറ്റം അത്രയ്ക്ക് കഠിനമായി തോന്നിയില്ല. അങ്ങനെ അവസാനം കൊളേജിന്‍റെ പടിക്കല്‍ എത്തി...!! അതേ...!! എന്‍റെ മുന്നില്‍ ഇപ്പൊ കാണുന്ന ആ സാധനമാണ് പ്രസിദ്ധമായ  മാക് അഥവാ എം എ കോളേജ് ......!!  ഉയ്യോ!!! മണിച്ചിത്രത്താഴിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ അങ്ങനെ അന്തംവിട്ട്  കുറച്ച് സമയം നിന്നു. കിടിലം കോളേജ്. ഊട്ടിയിലെ പൂന്തോട്ടങ്ങളില്‍ ഒക്കെ എത്തിയ ഒരു പ്രതീതി. ചുറ്റും പൂന്തോപ്പുകളും മരങ്ങളും പച്ചപ്പും മാത്രം. താഴെയായി വലിയ സ്പോര്‍ട്സ് ട്രാക്ക്. വാര്‍ത്തകളില്‍ എപ്പോഴും കാണാറുള്ള മാര്‍ ബേസില്‍-മാര്‍ അത്തനേഷ്യസ് കുട്ടികള്‍ കളിച്ച് വളരുന്ന അതേ ട്രാക്ക്.അതാണ്‌ എന്‍റെ മുന്നില്‍ ഇപ്പൊ കാണുന്നത്. സാധാരണ ഒരു കോളേജിന്‍റെ ചുവരുകളില്‍ കാണുന്ന പോലെയുള്ള യാതൊരു വിധ ചിത്രപ്പണികളോ എഴുത്തുകുത്തുകളോ ഒന്നും ഇല്ലാതെ വൃത്തിയായി പെയിന്‍റ് അടിച്ചു വച്ചിരിക്കുന്ന കോളേജ് ചുവരുകള്‍. കോളേജിലേക്കുള്ള റോഡില്‍ പോലും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പേരോ എഴുത്തുകളോ കണ്ടില്ല. കോളേജ് രാഷ്ട്രീയം എല്ലാം ഒരു നാല് വര്ഷം മുന്നേ അവിടുന്ന് തുടച്ചു നീക്കപ്പെട്ടിരുന്നു എന്ന് ആദ്യമേ പറഞ്ഞ് അറിവുണ്ടായിരുന്നു. അതിനാല്‍ എനിക്ക് അത്ര അത്ഭുതം തോന്നിയില്ല.

   
              പുറത്ത് ഒരു സീനിയര്‍ ചേട്ടന്‍പുള്ളി ആരെയോ കാത്തുനില്‍പ്പുണ്ടായിരുന്നു.അച്ഛന്‍ അവിടുത്തെ ഇരിപ്പുവശങ്ങളെ പറ്റി പുള്ളിയോട് കുറെ സംസാരിച്ചു. ഹോസ്റ്റല്‍ ഫെസിലിറ്റി,റാഗിംഗ്,അദ്ധ്യാപകര്‍ അങ്ങനെ പലതും. പുള്ളി ആകെ വാചാലനായി. എനിക്ക് ഒരു സംശയം,കോളേജ് വിട്ട് ഇത്രേം സമയം കഴിഞ്ഞിട്ടും ഇങ്ങേരെന്തിനാ ഇവിടെ കറങ്ങി കളിക്കുന്നത്. വീട്ടിപ്പൊക്കൂടെ... ഞാന്‍ അത് ചോദിച്ചു. അപ്പോ ഏതോ ഒരുഫ്രെണ്ടിനെ കാത്തു നില്‍കുകയാണെന്നാ പുള്ളി പറഞ്ഞത്. എനിക്ക് കാര്യം മനസ്സിലായി. 'നീയും കലക്കുകയാണല്ലേ ഗൊച്ചു ഗള്ളാ' എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അച്ഛനെ കൂട്ടി ഞാന്‍  പുറത്തേക്ക് നടന്നു. അന്ന് രാത്രി അവിടെ ഒരു റൂം എടുത്ത് താമസിച്ചു. രാത്രി തട്ടുകടയില്‍ കയറി നല്ല പോലെ മിന്നി.യാത്രാക്ഷീണം കാരണം രാത്രി വേഗത്തില്‍ ഉറങ്ങിപ്പോയി.

   
                പിറ്റേന്ന് കാലത്ത് തന്നെ അത്യാവശ്യം വേണ്ട എല്ലാ ഡോക്ക്മെന്റുകളുമായി ഞങ്ങള്‍ കോളേജില്‍ എത്തി. ഒരു ചെറിയ ഇന്റര്‍വ്യൂ സെക്ഷന്‍ ഉണ്ടത്രേ. ഞങ്ങള്‍ വിളി വരുന്നതും കാത്ത് പുറത്ത് നിന്നു. അപ്പൊ ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചുവന്ന ജഴ്സി ധരിച്ച ഒരു പൊക്കം കൂടിയ ചെക്കന്‍, ഇന്റര്‍വ്യൂ കാത്ത് നിക്കുകയാണ്. എന്‍റെ ക്ലാസ് തന്നെ ആവണം. ഞാന്‍ ചെന്ന് പരിചയപ്പെട്ടു. പേര് അക്ഷയ്, അക്ഷയ് വൈ! പുള്ളി ആകെ ബോറടിച്ച് നില്‍ക്കക്കള്ളി ഇല്ലാതെ കറങ്ങി നടപ്പാണ്. അങ്ങനെ ഇരിക്കുമ്പോ ആണ് ഒരു സീനിയര്‍ ചേട്ടന്‍ ഓഫിസിന്‍റെ പുറത്ത് ചുമ്മാ കറങ്ങി തൂണില്‍ ചാരി നിക്കുന്നത്. അക്ഷയ് ചെന്ന് അങ്ങേരോട് സംസാരിക്കാന്‍ തുടങ്ങി. ഞാനും ചെന്നു.പുള്ളിയ കണ്ടാല്‍ ഒരു ഹിന്ദി സിനിമയിലെ ഫ്രീക് വില്ലന്മാരുടെ ലുക്ക്‌. ചെറിയ ഒരു ഭയം തോന്നാതിരുന്നില്ല. റാഗിംഗിനെ പറ്റി ആയിരുന്നു പ്രധാന ചര്‍ച്ച. പുള്ളി എന്‍റെ മുഖത്ത് നോക്കി പറഞ്ഞു.

   
              "നിന്നെ കണ്ടാല്‍ അറിയാം നീ ആള് പാവമാ എന്ന്,നിനക്ക് പ്രശ്നമില്ല...." എന്നിട്ട് പുള്ളി മുഖം വെട്ടിച്ച് അക്ഷയോടായി പറഞ്ഞു "നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. നിനക്ക് പണി കിട്ടും" . അത് കേട്ടപ്പോ എനിക്ക് വല്ല്യ ആശ്വാസവും അക്ഷയുടെ കാര്യം ഓര്‍ത്ത് സങ്കടവും തോന്നി. പക്ഷെ നേരെ തിരിച്ചായിരുന്നു തോന്നേണ്ടിയിരുന്നത് എന്ന് പിന്നീട് കാലം തെളിയിച്ചു. അന്ന് അവിടെ കണ്ട ആ നല്ല മനുഷ്യന്‍ കോളേജിലെ തന്നെ പ്രമുഖനായ ഡോണ്‍ ആയിരുന്നു. ഡോണ്‍ എന്നത് പുള്ളിയുടെ പേര് കൂടെയാണ്. അന്ന് എന്തോ കേസില്‍പ്പെട്ട് സസ്പെന്‍ഷന്‍ വാങ്ങി പുറത്ത് നില്‍ക്കുന്ന കാഴ്ച ആയിരുന്നു ഞങ്ങള്‍ കണ്ടത്. മനസിലാക്കാന്‍ ഇത്തിരി വൈകിപ്പോയി. അല്ലായിരുന്നേല്‍ ആ ഭാഗത്തോട്ടേ പോവൂല്ലായിരുന്നു. അല്ലേലും വരാനുള്ളത് വഴീല്‍ തങ്ങൂല്ലല്ലോ...

          അങ്ങനെ അക്ഷയിനെ ഇന്റര്‍വ്യൂവിന് വിളിച്ചു. ഞാന്‍ വിളിയും കാത്ത്.പുറത്ത് തന്നെ. അവന് ശേഷം അകത്ത് കയറിയ ഒരു മൂന്നു നാല് പേര്‍ പുറത്ത് വന്നു.പക്ഷെ അവനെ പുറത്തോട്ട് കണ്ടില്ല.എന്താവും കാര്യം എന്നോര്‍ത്തു നില്‍ക്കുമ്പോ എനിക്കുള്ള വിളി വന്നു. ഞാന്‍ അകത്തേക്ക് കയറിയപ്പോ അക്ഷയ് പ്രിന്‍സിപ്പാളിന്‍റെ മുന്നില്‍ അങ്ങനെ നില്‍ക്കുകയാണ്. നല്ല അമേരിക്കന്‍ ഇംഗ്ലീഷില്‍ പ്രിന്‍സിപ്പല്‍ അവനോട് എന്തൊക്കെയോ പറയുന്നു.


            "ഈസ്‌ ദിസ്‌ ദി വെ യു കം ടു എ പ്രൊഫഷണല്‍ കോളേജ്?? യു സീ യുവര്‍ പാരന്റ്സ്.. ഹൌ വെല്‍ ദേ ആര്‍ ഡ്രസ്സ്‌ഡ്. ആന്‍ഡ്‌ സീ യുവര്‍സെല്‍വ്സ്... നെവെര്‍ എവെര്‍ റിപ്പീറ്റ് ദിസ്‌. യു അണ്ടര്‍സ്റ്റാന്റ്...?? "
അവന്‍റെ മുഖം കണ്ടാല്‍ അറിയാം അവന് ചൊറിഞ്ഞ് വരുന്നുണ്ടെന്ന്‍. പക്ഷെ ഒന്നും മിണ്ടാതെ അവനത് കേട്ട് തലയാട്ടി. എന്‍റെ ശ്രദ്ധ മുഴുവന്‍ അവിടെ ആയിരുന്നു. മുന്നില്‍ ഇരിക്കുന്ന ഗ്രൂപ്പ് ട്യൂട്ടര്‍ എന്ത് പറയുന്നു എന്നുപോലും ഞാന്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവസാനം ചോദിച്ചത് മാത്രം കേട്ടു. " സോ വി എക്സ്പെക്റ്റ്‌ യുവര്‍ ബെസ്റ്റ്. കാന്‍ വി...? ". യെസ്... എന്നും ഉത്തരം പറഞ്ഞ് ഷേക്ക്‌ ഹാന്‍ഡ്‌ ഒക്കെ കൊടുത്ത്  ഞങ്ങള്‍ അവിടെ നിന്നും പുറത്തിറങ്ങി.

               ശേഷം ഒരു ചെറിയ ഓറിയെന്‍റെഷന്‍ ക്ലാസ് ഒക്കെ തന്നു. പിന്നീട് എല്ലാരേയും കൂട്ടി ഇലക്ട്രോണിക്സ് ബ്ലോക്കും ലാബ് സങ്കേതങ്ങളും എല്ലാം കാണിച്ചു. ആകെ മൊത്തം മാരക സെറ്റപ്പ്. അന്ന് അത്രയേ ഉള്ളായിരുന്നു. അവിടെ വച്ച് അജയ് എസ് എന്ന സഖാവ് അജയനെയും, അജിത്‌ പി സോമരാജ് എന്ന സോമാണ്ടിയെയും പരിചയപ്പെട്ടു. അജയന്‍ ഈ നാട്ടുകാരന്‍ തന്നെയാണ്. കൊച്ചിന്‍ സിറ്റിയുടെ വലിപ്പത്തിന്‍റെ കാര്യം പറഞ്ഞ് അജയന്‍ വാചാലനായി. എത്ര വല്ല്യതായിട്ടും കാര്യമില്ല കോഴിക്കോടിന്‍റെ അത്ര മനോഹാരിതയോന്നും ഈ ഊള ടൌണിനു ഇല്ലെന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞ് ഞാന്‍ യാത്ര പറഞ്ഞു. ഈ സോ കോള്‍ഡ് അജയന്‍ ബി ടെക് മൂന്നാം വര്‍ഷം ആവുന്ന വരെ ട്രെയിനില്‍ കയറിയിട്ടില്ലാത്ത ആളാണ്‌ എന്ന ഒരു രഹസ്യം കൂടെയുണ്ട്. അത് ഞങ്ങള്‍ കുറച്ച് പേര്‍ക്ക് മാത്രേ അറിയൂ. ആരും അറിയരുത് എന്ന് അവന്‍ പ്രത്യേകം പറഞ്ഞിരുന്നു. അതുകൊണ്ട് ആ കാര്യം ഞാന്‍ ഇവിടെ പറയുന്നില്ല. അന്നത്തെ പരിപാടികള്‍ അത്രയേ ഉള്ളായിരുന്നു. ഇനി ഹോസ്റ്റല്‍ കണ്ടു പിടിക്കണം.

   
                    ഹോസ്റ്റലായ ഹോസ്റ്റലുകള്‍ മുഴുവന്‍ ഞങ്ങള്‍ കയറിയിറങ്ങി.ഇനി മയൂര ഹോസ്റ്റലിലെ അരി മാത്രേ പെറുക്കി എടുക്കാന്‍ ബാക്കി ഉള്ളു എന്ന് പറഞ്ഞ പോലെയാണ് അവസാനം മയൂരയില്‍ എത്തിയത്. അതിനു മുമ്പ് കണ്ട ഹോസ്റ്റലിലെ പല കാഴ്ചകളും ഉണ്ട്. തൊട്ടു മുമ്പ് താമസിച്ചിരുന്ന നല്ലവരായ സീനിയേഴ്സ് അടിച്ചു തകര്‍ത്ത സ്വിച്ച് ബോര്‍ഡുകളുമായി വിതുമ്പുന്ന എം ടി എം ഹോസ്റ്റല്‍, റേഷനരി ചോറാക്കി കുമ്പളങ്ങക്കറിയും ഒതളങ്ങാതോരനും സപ്പ്ളെ ചെയ്ത് ഫൈവ് സ്റ്റാര്‍ ബില്ല് കൊടുക്കുന്ന ചക്രവര്‍ത്തി ഹോസ്റ്റല്‍, ആരും കാണാതെ എവിടെയോ കാട്ടില്‍  ഒളിച്ചിരിക്കുന്ന സൈലന്റ് വാലി ഹോസ്റ്റല്‍... ഒന്നും പിടിച്ചില്ല. അങ്ങനെ ആണ് മയൂരയില്‍ എത്തുന്നത്. കയറിച്ചെല്ലുമ്പോ ഒരു ചെക്കന്‍ അവന്‍റെ അച്ഛനുമായി ഹോസ്റ്റല്‍ മുറികള്‍ എല്ലാം കണ്ട് പുറത്തേക്ക് വരുന്നു. പരിചയപ്പെട്ടപ്പോ ഒരേ ക്ലാസ് ആണ്. പേര് ജെഫിന്‍ ജോസ്.(പില്‍ക്കാലത്ത് ജെഫെറ്റ്, ജെഫിന്‍ ജൂസ് എന്നീ പേരുകളില്‍ അറിയപ്പെട്ടു.) ജെഫിന് ജോസിനു 'ജെഫിന്‍ ജൂസ്' എന്ന് പേര് വരാന്‍ കാരണം പരിഷ്കാരിയായ ഒരു ചെറുപ്പക്കാരി ടീച്ചര്‍ ആണ്. പുള്ളിക്കാരി അറ്റന്‍ഡന്‍സ് എടുക്കുമ്പോ പരിഷ്കാരം കൂടിക്കൂടി ഇവന്‍റെ പേര് വിളിക്കുന്നത് ജെഫിന്‍ ജൂസ് എന്നാണ്. ടീച്ചര്‍ക്ക് പല തവണ പറഞ്ഞു കൊടുത്തതാണ് 'ജൂസ് അല്ല മിസ്‌ ജോസ് ആണ്... ജോസ്..' എന്ന്. അപ്പൊ പുള്ളിക്കാരി റിമ കല്ലിങ്കല്‍ 22 FK യില്‍ പറയുന്ന പോലെ തിരിച്ചു പറയും.. "അതെന്നെ അല്ലെ ഞാനും പറഞ്ഞത്..? ജൂസ് ..."  എന്താ ല്ലേ....!! എന്തായാലും അവന്‍റെ കൂടെ അന്ന് മുറി എടുത്ത് മയൂരയില്‍ ഫിക്സ് ചെയ്തു. ജെഫിന്‍, എന്‍റെ ആദ്യ വര്‍ഷ റൂം മേറ്റ്. പിന്നീട് ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാളും ആയി മാറി.

   
             അന്ന് റൂം എടുക്കുമ്പോ ആ ഹോസ്റ്റലിന്റെ ഉടമസ്ഥയായ ആന്‍റി പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. " ഇവിടെ ഫസ്റ്റ് ഇയേഴ്സ് മാത്രേ ഒള്ളൂ... പിന്നെ ഉള്ളത് രണ്ടു മൂന്നു ലാറ്ററല്‍ എന്‍ട്രി കുട്ടികള്‍ ആണ്.അവരും നിങ്ങളെപ്പോലെ ആദ്യമായി കോളേജ് കാണുന്നവര്‍. അതോണ്ട് റാഗിംഗ് ഒന്നും ഉണ്ടാവുമെന്ന്‍ പേടിക്ക്യേ വേണ്ട. നിങ്ങള്‍ ഇവിടെ സേഫ് ആയിരിക്കും. എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം. ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും." നല്ലവളായ ആ സ്ത്രീ പറഞ്ഞ എന്തേലും ഒരു കാര്യം എങ്കിലും സത്യമായിരുന്നെങ്കില്‍ എന്ന് പിന്നീട് ആഗ്രഹിച്ചു പോയിട്ടുണ്ട്. ഒരിക്കല്‍പോലും അവര്‍ ആ ഹോസ്റ്റല്‍ വരാന്തയില്‍ വന്ന് ഒന്ന് എത്തി നോക്കുന്നത് പോലും ഞങ്ങളാരും പിന്നീട് കണ്ടിട്ടില്ല.നന്ദിയുണ്ട്, ഒരു പറ്റം സീനിയേഴ്സിന്‍റെ കൂടെ ഞങ്ങളെ കൊണ്ടുവന്നു ഇട്ടതിന്. എന്ത് പാപം ആയിരുന്നു ഹേ സ്ത്രീ ഞങ്ങളൊക്കെ നിങ്ങളോട് ചെയ്തിരുന്നത്...?


           ബെഡ്,ബക്കറ്റ്,സോപ്പ്,ബ്രഷ്, പേസ്റ്റ്,ബുക്സ് തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ ഒക്കെ വാങ്ങി വെച്ച് അന്നത്തെ ദിവസവും കടന്നുപോയി. പിറ്റേന്ന് രാവിലെ അച്ഛന്‍ കോളേജ് പടിക്കല്‍ വരെ കൂടെ വന്നു.  പതിവുപോലെ ഒരു നോട്ടം തന്ന് അച്ഛന്‍ അവിടെ തന്നെ നിന്നു. ഞാന്‍ കെട്ടിടത്തില്‍ കയറുന്ന വരെ അച്ഛന്‍ ഗെയ്റ്റില്‍ തന്നെ ഉണ്ടായിരുന്നു.ഒറ്റയ്ക്ക് തിരിഞ്ഞു നടക്കുമ്പോള്‍ ആ മനസ്സില്‍ എന്തെല്ലാം ചിന്തകള്‍ ആയിരുന്നിരിക്കണം എന്ന് ഓര്‍ക്കാന്‍ മാത്രം എന്‍റെ ബുദ്ധി അന്ന് വളര്‍ന്നിരുന്നില്ല അഥവാ ശ്രമിച്ചിരുന്നില്ല....

Monday, November 11, 2013

ഞാന്‍ ഇഞ്ചിനീരായ കഥ-2:ആദ്യ കോതമംഗലം യാത്ര

    റെയ്സ് എന്ട്രന്‍സ് കോച്ചിംഗ് സെന്‍ററിന്‍റെ മറ്റൊരു പ്രത്യേകതയാണ്
റെയ്സിലെ ലൈബ്രറി ഒന്ന്വല്ല,ജാഡക്കിട്ടതാ


അവിടത്തെ ലൈബ്രറി. ഏതാണ്ട് ഒരു  ഇരുന്നൂറു കുട്ടികളെ വരെ (അത്രേം കാണുമായിരിക്കും ഇല്ലേല്‍ ഞാന്‍ കള്ളം പറയുവാന്നു വിചാരിച്ചാ മതി) ഒരേ സമയം പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന സെറ്റപ്പ്. ആയിരത്തിലധികം റെഫറന്‍സ് ഗ്രന്ഥങ്ങള്‍. അത് ഓരോ ദിവസം കൂടുമ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കേം ചെയ്യും. പക്ഷേ ട്വിസ്റ്റ്‌ അതൊന്നും അല്ല... ലൈബ്രറിയുടെ നടുവില്‍ക്കൂടെ ആ റൂമിനെ രണ്ടായി കീറി മുറിച്ചു കൊണ്ട് ഒരു വല്ല്യ ഷെല്‍ഫ് കടന്നു പോകുന്നുണ്ട്. അതില്‍ നിറയെ പുസ്തകങ്ങള്‍. പരമാവധി പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി മാനേജ്‌മെന്‍റ് ചെയ്ത ഒരു നല്ല ബുദ്ധി എന്നേ ഒരു നോക്ക് കാണുന്നവന് തോന്നൂ... എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. പുസ്തകങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ ബൌണ്ടറിയുടെ ഒരു ഭാഗത്ത് മുഴുവന്‍ ആണ്‍കുട്ടികളും മറുഭാഗത്ത് മുഴുവന്‍ പെണ്പിള്ളാരും. രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ ശ്രമിക്കും എന്ന് സാറന്മാര്‍ക്ക് അറിയാവുന്ന കൊണ്ടാവണം, ആ നോക്കുന്ന സമയം പോലും പുസ്തകങ്ങളെ മാത്രം കാണുവാന്‍ വേണ്ടി അവടെ തന്നെ മുഴുവന്‍ ബുക്കുകള് നിരത്തി വെച്ചേക്കുന്നത്. പുസ്തകം എടുക്കാന്‍ വേണ്ടി ആ ഷെല്‍ഫിന്റെ അടുത്തു ചെന്നാല്‍ അപ്പുറത്തേക്ക് ഒരു നോക്ക് കാണാന്‍ പറ്റും. അതിനാല്‍ തന്നെ ആവണം ആമ്പിള്ളാര് പൊതുവേ ആ ഷെല്‍ഫില്‍ നിന്നേ പുസ്തകം എടുക്കാറുള്ളൂ. അഥവാ ആ ഷെല്‍ഫില്‍ ഇല്ലാത്ത ബുക്ക് ആണേല്‍ മറ്റേ ഷെല്‍ഫില്‍ നിന്നും ബുക്ക്‌ എടുത്തിട്ട് ഈ ഷെല്‍ഫില്‍ വന്ന് റിട്ടേണ്‍ ചെയ്യും... എന്താ ല്ലേ??


    ഞാന്‍ പിന്നെ ബുക്ക്‌ എടുക്കാനായിട്ട് ആ ഷെല്‍ഫിലേക്ക് അങ്ങനെ പോവാറൊന്നും ഇല്ല. പകരം ഷെല്‍ഫിന്റെ ഏറ്റവും തൊട്ടുകൊണ്ടുള്ള ബെഞ്ചിന്‍റെ സൈഡില്‍ ഒരു മൂലക്ക് അവിടെ ഇരിക്കും. അതാവുമ്പോ ഇടയ്ക്കിടെ എണീറ്റ്‌ നിന്ന് നോക്കണ്ട കാര്യവും ഇല്ല. ഏത്?? അതെന്നെ..!! പക്ഷേങ്കി ഗേള്‍സിനു പൊതുവേ പുച്ചിക്കാന്‍

Monday, November 4, 2013

ഞാന്‍ ഇഞ്ചിനീരായ കഥ-1: കോച്ചിംഗ് സെന്‍ററിലേക്ക്

    ഡേറ്റ് ഒന്നും കൃത്യമായി ഓര്‍ക്കുന്നില്ലേലും മേയ് മാസം രണ്ടായിരത്തി ഒമ്പതാമാണ്ട് ആണെന്ന് ഓര്‍ക്കുന്നു.അച്ഛന്‍  റെയ്സ് എന്‍ട്രന്‍സ്‌ കോച്ചിംഗ് സെന്‍ററിലേക്ക് കൊണ്ട് ചേര്‍ക്കുന്നത് അന്നാണ്. ആവശ്യം എന്റേത് തന്നെ ആയിരുന്നു. സാധാരണ ഒരു മദ്ധ്യവര്‍ഗ കുടുംബത്തിനു താങ്ങാവുന്ന തുകയിലും അപ്പുറമാണ് പല എന്‍ട്രന്‍സ്‌ കോച്ചിംഗ് ഇന്‍സ്ടിട്ട്യൂട്ടുകളും ഈടാക്കുന്നത് എങ്കിലും കോഴിക്കോട് നഗരത്തില്‍ ഉള്ളതില്‍ മികച്ച കോച്ചിങ്ങും കുറഞ്ഞ ഫീസും ഉള്ളത് കൊണ്ട് റെയ്സ് തന്നെ സെലെക്റ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാശിന്റെ കാര്യം ഒന്നും അപ്പോള്‍ എന്‍റെ മനസ്സിലേ ഉണ്ടായിരുന്നില്ല. പക്ഷേ അവിടുത്തെ കൌണ്ടര്‍ സെക്ഷനില്‍ അച്ഛന്‍ കാശടയ്ക്കുമ്പോ നെറ്റിയില്‍ ഉതിര്‍ന്നു വന്ന വിയര്‍പ്പുകണങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതിനു ഒരുപാടു വര്‍ഷത്തെ വിയര്‍പ്പിന്‍റെ കഥ പറയാനുണ്ടെന്ന് തോന്നി.


    ക്ലാസിലേക്ക് കയറിപ്പോകുന്നതിനു മുന്നേ അച്ഛന്‍ ഒന്നുകൂടി മുഖത്തേക്ക് നോക്കിയിരുന്നു.അല്ലെങ്കിലും അതങ്ങനെയാണ്. ആ നോട്ടം കിട്ടിയില്ലെങ്കില്‍ എനിക്കും വിഷമമാണ്.പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെരുവയല്‍ സ്കൂളില്‍ വച്ച് എല്‍ എസ് എസ് പരീക്ഷ എഴുതാന്‍ കൊണ്ടുവന്നു വിട്ടപ്പോഴും അച്ഛന്‍ ഇതേ നോട്ടമായിരുന്നു നോക്കിയിരുന്നത്.പിന്നീടിങ്ങോട്ട് എന്‍ട്രന്‍സ്‌ പരീക്ഷ വരെ ഉള്ള എല്ലാ യാത്രകളിലും അതിപ്പോ പരീക്ഷ ഇതു സെന്ററില്‍ ആണേലും ശരി,അച്ഛന്‍ കൂടെ ഉണ്ടാവുമായിരുന്നു. ആ ഒരു നോട്ടത്തില്‍ എല്ലാം ഉണ്ടാവും.പ്രാര്‍ഥനയും അനുഗ്രഹവും സ്നേഹവും വിടപറച്ചിലും എല്ലാം. അതുകൊണ്ട് തന്നെ അത് കാണാന്‍ വേണ്ടി നടക്കും വഴി ഞാന്‍ ഒരു വട്ടം കൂടി  തിരിഞ്ഞു നോക്കുമായിരുന്നു. ഇത്തവണയും അതങ്ങനെ തന്നെ തുടര്‍ന്നു.


    അങ്ങനെ ആദ്യ ദിവസം ക്ലാസിലേക്ക് കയറിച്ചെന്നു. മൊബൈല്‍ ഫോണ്‍ ഒക്കെ വിരലുകള്‍ക്ക് ഇടയിലൂടെ കറക്കിക്കൊണ്ടാണ് നടത്തം.അതിനൊന്നും ഒരു കുറവും വരുത്തീട്ടില്ല. (അന്ന് കയ്യിലുള്ളത് എല്‍ ജി കമ്പനിയുടെ മെസ്സെജിങ്ങും കൊളിങ്ങും മാത്രം ഉള്ള ഏതോ മുന്തിയ ഇനം ഫോണ്‍ ആണെന്നാണ്‌ എന്‍റെ ഓര്‍മ) ക്ലാസിന്റെ പടിക്കല്‍ എത്തിയപ്പോ ഫോണ്‍ സൈലന്റ് ആക്കി പോക്കറ്റില്‍ ഇട്ടു. കയറിച്ചെന്നപ്പോള്‍ നസീര്‍ സാര്‍ ആണ് ക്ലാസ് എടുക്കുന്നത്.

നസീര്‍ സാറിന്‍റെ ഭാവങ്ങളാ


    നസീര്‍ സാര്‍-ഭീകരനാണയാള്‍ കൊടും ഭീകരന്‍. എല്ലാര്‍ക്കും പേടി ആയിരുന്നു ആ മനുഷ്യനെ. ഭീമാകാരമായ രൂപം.ഒത്ത തടി.നല്ല പൊക്കം.കട്ട കലിപ്പും.പിള്ളാരുടെ കോളറില്‍ മുഷ്ടി ചുരുട്ടി പിടിച്ച്  ഞെട്ടിക്കുന്നത് പുള്ളിയുടെ ഹോബി ആയിരുന്നു. റെയ്സിന്റെ നാല് സ്ഥാപകരില്‍ ഒരാള്‍.ഇത്രയൊക്കെ ആണെങ്കിലും ഞാന്‍ പുള്ളിയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട്. അത് വഴിയെ പറയാം. ഞാന്‍ ക്ലാസില്‍ കേറി ചെല്ലുമ്പോ ഫോണ്‍ പൊക്കിയതിന് ആരെയോ മൂത്രം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ് പുള്ളി. എന്നോട് കേറി ഇരിക്കാന്‍ പറഞ്ഞിട്ട് പുള്ളി വര്‍ക്ക് തുടര്‍ന്നു.ഞാന്‍ ഒന്നും മിണ്ടാതെ മെല്ലെ ഒരു ബെഞ്ചില്‍ കേറി ഇരുന്നു. എന്നോട് ഒന്നും ചോദിച്ചുമില്ല ഞാനൊട്ട്‌ ഒന്നും പറയാനും പോയില്ല. പക്ഷെ പിന്നീടുള്ള ഒറ്റ ദിവസം പോലും ഞാന്‍ ഫോണ്‍ കൊണ്ട് പോയിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ.അഥവാ ഉണ്ടെങ്കില്‍ തന്നെ ഭദ്രമായി ബാഗില്‍ വെച്ച് പൂട്ടി ക്ലാസിന്റെ പുറത്ത് വെക്കും.


    ആദ്യ ദിവസങ്ങളില്‍ പ്ലസ് ടു കൂട്ടായിരുന്ന ഫസലും റെയ്സില്‍ നിന്ന് കിട്ടിയ പുതിയ കൂട്ടായ അബ്ദുള്‍ നാസറും ആയിരുന്നു കമ്പനി. നാസര്‍ മാരക വിറ്റാണ്. അന്യായ കമന്റ്സ് ഒക്കെ അടിക്കും ക്ലാസില്‍ വെച്ച്. ചിരി അടക്കാന്‍ വല്ലാത്ത കഷ്ടപ്പാടാണ്. അവനെ ഏതായാലും സാര്‍ പൊക്കൂല അത്ര കണ്ണിംഗ് ആണ്. നമ്മള് അങ്ങനെ അല്ലല്ലോ. എന്നാലും അടക്കി.പിന്നീട് കിട്ടിയ ബെസ്റ്റ് കമ്പനി ആയിരുന്നു ജിതിന്‍. കണ്ണൂര്‍ക്കാരനാണ്. സല്‍സ്വഭാവി,യാതൊരു ദുശ്ശീലങ്ങളും ഇല്ല. ഒരുപാട് സിനിമ കാണും,പിന്നെ ഫിഫ കളിക്കും.നമ്മക്ക് പറ്റിയ കൂട്ട്. പിന്നീട് അവനും ഉണ്ടായിരുന്നു ഞങ്ങടെ കൂടെ എല്ലായിടത്തും. ക്ലാസില്‍ ആണേലും ലൈബ്രറിയില്‍ ആണേലും ഒരുമിച്ച്. എല്ലാ ദിവസവും നാപ്പതോളം കിലോമീറ്റര്‍ ബസ്സില്‍ താണ്ടി അവന്‍ എത്തുമായിരുന്നു. എഞ്ചിനീയര്‍ ആവാനുള്ള സ്വപ്നം കൊണ്ട്. കോമഡി ആണ് പുള്ളീടെ കാര്യം. പെണ്ണുങ്ങളെ കാണുന്നതെ വെറുപ്പാണ് പുള്ളിക്ക്.കല്യാണം ജീവിതത്തില്‍ കഴിക്കില്ല എന്നാണ് പുള്ളിയുടെ പക്ഷം. "അപ്പൊ നിനക്ക് കുഞ്ഞുങ്ങള്‍ വേണ്ടേ?" എന്ന് ഒരിക്കല്‍ ഒരുത്തന്‍ അവനോടു ചോദിച്ചു. "അത് ഞാന്‍ ദത്തെടുത്തോളാം" എന്നായിരുന്നു അവന്റെ പക്ഷം." അപ്പൊ ലോകത്തെ എല്ലാരും നിന്നെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ദത്തെടുക്കാന്‍ പോലും പിള്ളാര്‍ ഉണ്ടാവൂല്ലല്ലോടെയ് ?" കൂട്ടുകാരന്‍ വിടാന്‍ ഉദ്ദേശമില്ല. പക്ഷെ ഇത് കേട്ടാല്‍ അപ്പൊ അവനു കലി വരും. "അതപ്പം ആലോയ്ക്കാം " എന്നും പറഞ്ഞോണ്ട് പുള്ളി സീന്‍ വിടും.


    ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പെണ്പിള്ളാര്‍ റെയ്സിലെ വിലക്കപ്പെട്ട കനിയാണ്.തൊടാനും മിണ്ടാനും പാടില്ല. അതിര് വിട്ട ഒരു നോട്ടം പോലും സസ്പെന്‍ഷനില്‍ കലാശിക്കും. വെറുതെ പറയുന്നതല്ല. എന്‍റെ ക്ലാസില്‍ ഉള്ള ഒരു കപ്പിള്‍സിനു തന്നെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇരുവരെയും മാനാഞ്ചിറ മൈതാനിയില്‍ വച്ച് ഏതോ ഒരു റെയ്സ് സ്റ്റാഫ് കണ്ടുവത്രേ... മാനാഞ്ചിറ മൈതാനി മാത്രമല്ല. ഫോക്കസ് മാള്‍, പ്രമുഖ തിയേറ്ററുകള്‍, ബീച്ച് അങ്ങനെ ഏതാണ്ട് എല്ലാ വൃന്ദാവനങ്ങളിലും റെയ്സ് ചാരന്മാര്‍ കാണും. അതങ്ങനെയാണ്. ആ രണ്ടു പേരുടെ പേരുകള്‍ ഞാനിവിടെ മെന്‍ഷന്‍ ചെയ്യുന്നില്ല. എങ്കിലും ആ പെണ്‍കുട്ടി പിന്നീട് റെയ്സില്‍ വന്നിട്ടില്ല. ആണ്‍കുട്ടി അവന്‍റെ ഉപ്പയുടെ സ്വാധീനം കാരണം ആവും,പിന്നീടും വന്നിരുന്നു. അന്ജുഷ എന്നും പറഞ്ഞ് ഒരു കുട്ടി ഉണ്ടായിരുന്നു ക്ലാസില്‍. കാണാന്‍ മുടിഞ്ഞ ലുക്ക്‌ ആണ്. അഞ്ഞൂറുകളില്‍ ആണ് ആദ്യകാലങ്ങളില്‍ ആ കുട്ടിക്ക് റെയ്സിലെ പരീക്ഷകളില്‍ റാങ്ക് കിട്ടിക്കൊണ്ടിരുന്നത്. അവളുമായിട്ടായിരുന്നു എന്‍റെ ആദ്യകാല റാങ്ക് മത്സരങ്ങള്‍. ( അപ്പൊ സ്വാഭാവികമായും ഊഹിക്കാമല്ലോ ആകെ അറുനൂറു പിള്ളേരേ പരമാവധി കാണൂ എന്ന് ). മത്സരം ഉണ്ടായിരുന്നെങ്കിലും ഈ ഒരു വര്‍ഷ കോച്ചിങ്ങിന്‍റെ ഇടക്ക് ഒരിക്കല്‍ പോലും ഞാന്‍ അവളോട്‌ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്.


    വേറെ ഒരു കുട്ടി ഉണ്ടായിരുന്നു.കൃഷ്ണ സാഗ. കട്ട ബുജി എന്നൊക്കെ ഞങ്ങടെ ഭാഷയില്‍ വിളിച്ച് പോന്നു.കണ്ടാല്‍ ഇത്തിരി ജാഡ തോന്നും എങ്കിലും ഇത്രയും പാവത്താന്മാരായ (ഇന്‍ ഫാക്റ്റ് പാവത്തികള്‍) ആയ പെണ്‍കുട്ടികളെ വേറെ കാണാന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതെനിക്ക് മനസ്സിലായത് എന്‍ട്രന്‍സ്‌ എക്സാം എല്ലാം കഴിഞ്ഞ് ഫെയ്സ്ബൂക് വഴി കൃഷ്ണയുമായി സംസാരിച്ചപ്പോള്‍ ആണ്. അതുവരെ ആ കുട്ടിയോടും ഞാന്‍ ഒരു വാക്കും മിണ്ടിയിരുന്നില്ല എന്നത് പരമാര്‍ത്ഥം! (വേണ്ടവന്‍ മാത്രം വിശ്വസിച്ചാ മതി,സത്യം ഞാന്‍ എവടെയും വിളിച്ച് പറയും ). അവളുടെ റാങ്കുകള്‍ അവസാന കാലം വരെ നമുക്കൊന്നും എത്തിപ്പിടിക്കാന്‍ പോലും പറ്റാത്ത അത്ര ഉയരത്തില്‍ ആയിരുന്നു. (കരയുന്ന സ്മൈലി )


    പാട്ടുകാരന്‍ വിഷ്ണുഗോപാല്‍,താടിക്കാരന്‍ കം ബുജി ജുനൈദ്, സാജിര്‍ മൊഹമ്മദ്‌ എന്നിങ്ങനെ മറക്കാന്‍ പാടില്ലാത്ത വേറെയും കുറെ ആള്‍ക്കാര്‍ ഉണ്ട്. അവരുടെ കൂട്ടത്തില്‍ ഉള്ള രണ്ടു പേരായിരുന്നു ആദര്‍ശും ശ്രീരാജും. രണ്ടു പേരും ഇപ്പൊ എന്‍റെ അതേ കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. ആദര്‍ശ് അന്ന് മൊട്ട ആയിരുന്നു. കണ്ടാല്‍ അന്നൊരു ഗുണ്ട ലുക്ക്‌ തോന്നിക്കുമായിരുന്നെങ്കിലും ആള് നല്ല അടിപൊളി ആയിരുന്നു. നല്ല പോലെ പഠിക്കും. നല്ല കമ്പനി. അവന്‍റെ കൂടെ ഇരിക്കാന്‍ തുടങ്ങിയ ശേഷമാണ് ശരിക്കും ലൈബ്രറിയില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ തുടങ്ങിയത്. പക്ഷെ അന്നൊന്നും അവന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു ഡാന്‍സറെ കാണാന്‍ സാധിച്ചിരുന്നില്ല. എന്‍ട്രന്‍സില്‍ എന്ത് ഡാന്‍സ്,എന്ത് കല.... ശ്രീരാജ് നേരെ ഓപ്പോസിറ്റ് ആയിരുന്നു. ഫുള്‍ ടൈം കമന്റ് അടി. അവന്‍ വായ്‌ നോക്കാത്ത പെണ്‍പിള്ളാര്‍ റെയ്സില്‍ ഇല്ല തന്നെ. അറ്റന്‍ഡന്‍സ് എടുക്കാന്‍ വരുന്ന ലേഡി സ്റ്റാഫ് അശ്വതി ചേച്ചിയെ പോലും വെറുതേ വിട്ടിരുന്നില്ല (പടച്ചോനേ അശ്വതി ചേച്ചി ഇത് വായ്ക്കാന്‍ ഇട വരുത്തല്ലേ). പക്ഷെ പഠിക്കും. കോപ്പി അടിച്ചാണേലും ഭേദപ്പെട്ട റാങ്കും വാങ്ങിക്കും. എന്നിരിക്കിലും നസീര്‍ സാറിന്‍റെ പ്രധാന നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു ശ്രീരാജും.


    അഫ്സല്‍ സാര്‍- കുട്ടികളുടെ തോഴന്‍. റെയ്സിന്റെ സ്ഥാപകരില്‍ മറ്റൊരാള്‍. മാഷേ എന്ന്‍ വിളിക്കുന്നതാണ് പുള്ളിക്ക് ഇഷ്ടം. മാഷ്‌ പറഞ്ഞാല്‍ പിള്ളാര്‍ എന്തും അനുസരിക്കും. അഫ്സല്‍ സാറിനെ റെയ്സില്‍ പഠിച്ച ഒരുത്തന്‍ പോലും കുറ്റം പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. ഒരു യു കെ ജി കുട്ടിയോട് കാണിക്കുന്ന വാത്സല്ല്യം മാഷ്‌ എല്ലാരോടും കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് എന്തും മാഷിനോട് പറയാന്‍ ഉള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.മാഷിന്‍റെ ക്ലാസിനായി കുട്ടികള്‍ കാത്തിരിക്കുന്നതില്‍ അത്ഭുതമില്ല. ഇനീം ഉണ്ട് കുറെ കഥാപാത്രങ്ങള്‍. എല്ലാരെയും ഒന്നും എടുത്തു പറയാന്‍ ശ്രമിക്കുന്നില്ല. ഓര്‍മ നിറഞ്ഞ ഒരു വര്ഷം തന്ന എല്ലാരെയും സ്മരിക്കുന്നു. അങ്ങനെ ആ ഒരു വര്‍ഷം പതിയെ കടന്നു പൊയ്ക്കൊണ്ടിരുന്നു....

                                ഇവിടെ നിര്‍ത്താന്‍ ഉദ്ദേശമില്ല. ബാക്കീം ഞാന്‍ എഴുതും. ഒരുത്തനും അങ്ങനെ രക്ഷപ്പെടണ്ട. ങാ!!!