Monday, November 11, 2013

ഞാന്‍ ഇഞ്ചിനീരായ കഥ-2:ആദ്യ കോതമംഗലം യാത്ര

    റെയ്സ് എന്ട്രന്‍സ് കോച്ചിംഗ് സെന്‍ററിന്‍റെ മറ്റൊരു പ്രത്യേകതയാണ്
റെയ്സിലെ ലൈബ്രറി ഒന്ന്വല്ല,ജാഡക്കിട്ടതാ


അവിടത്തെ ലൈബ്രറി. ഏതാണ്ട് ഒരു  ഇരുന്നൂറു കുട്ടികളെ വരെ (അത്രേം കാണുമായിരിക്കും ഇല്ലേല്‍ ഞാന്‍ കള്ളം പറയുവാന്നു വിചാരിച്ചാ മതി) ഒരേ സമയം പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന സെറ്റപ്പ്. ആയിരത്തിലധികം റെഫറന്‍സ് ഗ്രന്ഥങ്ങള്‍. അത് ഓരോ ദിവസം കൂടുമ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കേം ചെയ്യും. പക്ഷേ ട്വിസ്റ്റ്‌ അതൊന്നും അല്ല... ലൈബ്രറിയുടെ നടുവില്‍ക്കൂടെ ആ റൂമിനെ രണ്ടായി കീറി മുറിച്ചു കൊണ്ട് ഒരു വല്ല്യ ഷെല്‍ഫ് കടന്നു പോകുന്നുണ്ട്. അതില്‍ നിറയെ പുസ്തകങ്ങള്‍. പരമാവധി പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി മാനേജ്‌മെന്‍റ് ചെയ്ത ഒരു നല്ല ബുദ്ധി എന്നേ ഒരു നോക്ക് കാണുന്നവന് തോന്നൂ... എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. പുസ്തകങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ ബൌണ്ടറിയുടെ ഒരു ഭാഗത്ത് മുഴുവന്‍ ആണ്‍കുട്ടികളും മറുഭാഗത്ത് മുഴുവന്‍ പെണ്പിള്ളാരും. രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ ശ്രമിക്കും എന്ന് സാറന്മാര്‍ക്ക് അറിയാവുന്ന കൊണ്ടാവണം, ആ നോക്കുന്ന സമയം പോലും പുസ്തകങ്ങളെ മാത്രം കാണുവാന്‍ വേണ്ടി അവടെ തന്നെ മുഴുവന്‍ ബുക്കുകള് നിരത്തി വെച്ചേക്കുന്നത്. പുസ്തകം എടുക്കാന്‍ വേണ്ടി ആ ഷെല്‍ഫിന്റെ അടുത്തു ചെന്നാല്‍ അപ്പുറത്തേക്ക് ഒരു നോക്ക് കാണാന്‍ പറ്റും. അതിനാല്‍ തന്നെ ആവണം ആമ്പിള്ളാര് പൊതുവേ ആ ഷെല്‍ഫില്‍ നിന്നേ പുസ്തകം എടുക്കാറുള്ളൂ. അഥവാ ആ ഷെല്‍ഫില്‍ ഇല്ലാത്ത ബുക്ക് ആണേല്‍ മറ്റേ ഷെല്‍ഫില്‍ നിന്നും ബുക്ക്‌ എടുത്തിട്ട് ഈ ഷെല്‍ഫില്‍ വന്ന് റിട്ടേണ്‍ ചെയ്യും... എന്താ ല്ലേ??


    ഞാന്‍ പിന്നെ ബുക്ക്‌ എടുക്കാനായിട്ട് ആ ഷെല്‍ഫിലേക്ക് അങ്ങനെ പോവാറൊന്നും ഇല്ല. പകരം ഷെല്‍ഫിന്റെ ഏറ്റവും തൊട്ടുകൊണ്ടുള്ള ബെഞ്ചിന്‍റെ സൈഡില്‍ ഒരു മൂലക്ക് അവിടെ ഇരിക്കും. അതാവുമ്പോ ഇടയ്ക്കിടെ എണീറ്റ്‌ നിന്ന് നോക്കണ്ട കാര്യവും ഇല്ല. ഏത്?? അതെന്നെ..!! പക്ഷേങ്കി ഗേള്‍സിനു പൊതുവേ പുച്ചിക്കാന്‍
ഉള്ള ഒരു വ്യഗ്രത കൂടുതലാണ്... ഹും!! പഠിപ്പികള്!! കാണണ്ട.. വെറുത്തുപോയി..!!
    അങ്ങനെ സാമാന്യം മോശമല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ഒക്കെ നടന്നു പോന്നു. ഇതിനിടെ ആഴ്ചക്കാഴ്ച്ചക്ക് ടെസ്റ്റ്‌ നടത്തുന്ന ഒരു ദുശ്ശീലം ഉണ്ട് അവര്‍ക്ക്. അതിന്‍റെ റാങ്ക് ലിസ്റ്റിനൊന്നും ആദ്യം വല്ല്യ പരിഗണന കൊടുത്തിരുന്നില്ല. പക്ഷെ ഇടക്ക് വെച്ച് നമ്മടെ നസീര്‍ സാര്‍ ഒരു പാരന്‍റ്സ് മീറ്റിംഗ് വിളിച്ചു. ആ അദ്ധേഹത്തിന്റെ കയ്യില്‍ ഇതുവരെ ഉള്ള എന്‍റെ മുഴുവന്‍ റാങ്കുകളും ഉണ്ടായിരുന്നു. ആ നല്ല മനുഷ്യന്‍ അതെല്ലാം കാട്ടി അമ്മയെ കൊറേ ചീത്ത പറഞ്ഞു.
        "നിങ്ങളുടെ മോന് ഇപ്പൊ ഒരു കാസര്‍ഗോഡ്‌ എല്‍ ബി എസ്സില്‍ എത്തിപ്പെടാന്‍ ഉള്ള റാങ്ക് മാത്രേ ഒള്ള്... പക്ഷേ അവന് മിനിമം ഒരു പാലക്കാട് എന്‍ എസ് എസ് എങ്കിലും എത്തിപ്പെടാന്‍ ഉള്ള കപ്പാസിറ്റി ഉണ്ട്. പക്ഷെ ഒഴപ്പാ.. ഇങ്ങനെ വിട്ടാല്‍ ഇവിടെ കൊണ്ട് തരുന്ന പൈസേം കൂടി ഗോവിന്ദ ആവും. അറിയാലോ മത്തി പെറ്റ പോലെയാണ് ഇപ്പൊ എഞ്ചിനീയര്‍മാര്‍ ഉണ്ടായി വരുന്നത്. അയിന്‍റെ ഇടയില്‍ രക്ഷപ്പെടണേല്‍ ഏതേലും നല്ല എഞ്ചിനീയറിംഗ് കോളേജ് തന്നെ കിട്ടണം! സൂക്ഷിച്ചാ മോന് കൊള്ളാം.. ഇല്ലേല്‍ മീന്‍ വിക്കാനോ പൂള നടാനോ ഒക്കെ പോവേണ്ടി വരും"
        'പൂള നടലും മീന്‍ വിക്കലും എന്താ ജോലി അല്ലെ? ഇയ്യാള് പറയുന്ന കേട്ടാല്‍ തോന്നുമല്ലോ എഞ്ചിനീയര്‍ അല്ലാത്തോരെല്ലാം ഊളന്മാര്‍ ആണെന്ന്.. പുല്ല്!!'

നസീര്‍ സാര്‍ അമ്മക്ക് റാങ്ക് ലിസ്റ്റ് കാണിച്ചു കൊടുക്കുന്ന ഫോട്ടം ചിത്രകാരന്‍റെ ഭാവനയില്‍.


    സംഭവം എന്തായാലും അമ്മേന്‍റെ മനസ്സില്‍ കൊണ്ടു. വീട്ടി ചെന്നപ്പോ വന്‍ ഉപദേശങ്ങളും സെന്റിയും ഒക്കെ. അവരെ കുറ്റം പറയാന്‍ പറ്റൂല. അച്ഛന്‍റെ വീട്ടുകാര്‍ക്ക്,അതായത് അച്ഛന്‍റെ സഹോദരന്മാര്‍ക്ക് ഒക്കെ മിക്കവര്‍ക്കും സര്‍ക്കാര്‍ ജോലി ഉണ്ട്. അന്തക്കാലത്തെ വിലപ്പെട്ട ഒരു ഡിഗ്രി സാപ്രിട്ടിക്കറ്റ് കയ്യില്‍ ഉണ്ടായിട്ടും ഒരു സര്‍ക്കാര്‍ ജോലി കിട്ടാത്തതിന്‍റെ വിഷമവും അച്ഛനുണ്ട്. അതോണ്ടാവും.. എന്തായാലും ഞാന്‍ പഠിച്ചോളാം എന്ന് വാക്ക് കൊടുത്തു. പിന്നീട് ചിന്തിച്ചപ്പോ അത് നന്നായെന്നു തോന്നി. ഒരു ആറോ ഏഴോ മാസം ഒന്നാഞ്ഞു പിടിച്ചാ പോരേ? സീന്‍ ഇല്ലല്ലോ. അങ്ങനെ പഠിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന റാങ്കുകള്‍ ഒക്കെ പാമ്പും കോണിയും കളി പോലെ ആയിരുന്നു. അങ്ങനെ കോഴ്സിന്‍റെ അവസാനം ആയപ്പോഴേക്ക് അവിടുത്തെ ആദ്യ അമ്പതില്‍ ഒക്കെ എത്തിപ്പെടാം എന്ന ഒരു സിറ്റുവേഷനില്‍ വരെ എത്തി കാര്യങ്ങള്‍.( അഹങ്കാരത്തിന്‍റെ സ്മൈലി ). റെയ്സ് മെഗാ ടെസ്റ്റ്‌ എന്നൊരു പരിപാടി കൂടെ ഉണ്ട്. അതായത് അവിടെ ഉള്ള മൊത്തം പിള്ളാരെയും ചേര്‍ത്ത് ഒരു മോഡല്‍ എന്ട്രന്‍സ് പരീക്ഷ. അവസാനം ആവുമ്പോഴാണ് അത് ഉണ്ടാവുക. ഏതാണ്ട് ഒരു രണ്ടായിരത്തോളം പേര്‍ കാണും. അതില്‍ ആദ്യ നൂറില്‍ കയറുക എന്നതായിരുന്നു ലക്ഷ്യം. എന്തായാലും അത് നടന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി നസീര്‍ സാറിനോട് ഒരു ബഹുമാനം തോന്നി. അല്ലേലും നല്ല ഗുരുക്കന്മാര്‍ എല്ലാം അങ്ങനെയാണ്. എല്ലാം നമ്മളെ  നന്നാക്കാന്‍ വേണ്ടി ചെയ്യുന്നതാ. ( ഫീലിംഗ് നസീര്‍ സാറ് പാവാടാ.. )
റെയ്സിലെ ഗോള്‍ഡ്‌ മെഡല്‍ ആണെന്ന് തോന്നുന്നു


   
അങ്ങനെ ആ സുദിനം വന്നു. എന്‍ട്രന്‍സ്‌ എക്സാം. പൊരിച്ച്... സി ഇ ടി ഒക്കെ തന്നെ കിട്ടുമെന്ന് ഒറപ്പിച്ചു. പണ്ടാരം റിസള്‍ട്ട് വന്നപ്പോഴാണ് അറിയുന്നത് പൊതുവേ ഈസി പേപ്പര്‍ ആയിരുന്നത്രേ... സി ഇ ടി കിട്ടാന്‍ മാത്രം മാര്‍ക്ക് ഉള്ളവന്മാര്‍ക്ക് പോലും അവിടെ കിട്ടൂല്ലാന്ന്. പണി പാളി. ആദ്യ അലോട്ട്മെന്റ് അങ്ങ് കണ്ണൂരേക്ക്. കുത്ത് കൊണ്ട് ചാവാനാ വിധി എങ്കില്‍ അങ്ങനെ എന്നും വെച്ച് പോകാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ എല്ലാ കുന്ത്രാണ്ടങ്ങളും സെറ്റ് ആക്കി വന്നപ്പോ തലേന്ന് ഒരു അലോട്ട്മെന്റ് കൂടി. കണ്ണൂരെന്നുള്ളത് നേരെ കോതമംഗലത്ത്. അലോട്ട്മെന്റ് കാര്‍ഡ് എടുത്ത് അപ്പര്‍ത്ത് നിന്ന ചെറിയ ചെക്കന്‍ കോളേജിന്‍റെ പേര് വായിച്ചു. "മാര്‍ അനസ്തേഷ്യസ് കോളേജ്, കോതമംഗലം."
    

      " യെന്താ ഈ ചെക്കന്‍ വായിക്കുന്നത്? ഡേയ് അനസ്തേഷ്യയും ആന്‍റിബയോട്ടിക്കും ഒന്നുമല്ല. അത്തനേഷ്യസ്.. മാര്‍ അത്തനേഷ്യസ്.. മനസ്സിലായാ?? പുല്ല്... "
    അങ്ങനെ തൊട്ടു തലേ ദിവസം പ്ലാന്‍ ചേഞ്ച്‌.ഡെസ്റ്റിനേഷന്‍ കോതമംഗലം. അങ്ങനെ ഒന്നരക്കുള്ള ജനശതാബ്ധിയില്‍ അനേകായിരം പേരുടെ ( എന്ന്വേച്ചാല്‍ കഷ്ടി ഒരു ആറോ ഏഴോ കാണും ) അനുഗ്രഹാശിസ്സുകളോടെ ഞങ്ങള് പുറപ്പെട്ടു.
                              " കുചു കുചു.... കുചു കുചു... കൂകൂകൂ.... "


8 comments:

  1. ഞാന്‍ ഇഞ്ചിനീരായ കഥ 2... അങ്ങനെ കോതമംഗലം എത്തി

    ReplyDelete
    Replies
    1. കോതമംഗലം ആ സ്ഥലപ്പേരു തന്നെ ശരിയല്ല

      Delete
    2. ബാബേട്ടാ... അതിപ്പോ....

      Delete
  2. നസീര്‍ സാര്‍ അമ്മക്ക് റാങ്ക് ലിസ്റ്റ് കാണിച്ചു കൊടുക്കുന്ന ഫോട്ടം ചിത്രകാരന്‍റെ ഭാവനയില്‍.
    അത് കലക്കി....
    എനിക്കിഷ്ട്ടപെട്ടു....

    ReplyDelete
    Replies
    1. നന്ദി കാലിക്കുപ്പീ :)

      Delete
  3. enthada LBS ne oru kuzhappam... ninteyokke clginekkal etrayo mechamane..

    ReplyDelete
    Replies
    1. മാപ്പ് നല്‍കു മഹാനിതേ... മാപ്പ് നല്‍കൂ ഗുണനിതേ...

      മാപ്പ് പ്രിയ എല്‍ ബി എസ്സുകാരാ :P

      Delete