Sunday, May 12, 2013

അമ്മ

 
                  അവന്‍ എഞ്ചിനീയറിംഗ് പാസ്സായിട്ട് അന്നത്തേക്ക്‌ ഒരു മാസം തികയാന്‍ ആയിരുന്നു.പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍.നല്ല റാങ്കോടു കൂടെ തന്നെ എഞ്ചിനിയറിംഗിന് മികച്ച കോളേജില്‍ അഡ്മിഷനും വാങ്ങിച്ചു.നന്നായി പഠിക്കും എന്നറിയുന്നത് കൊണ്ട് തന്നെ ആണ് കൂലിപ്പണിക്കാരനായിട്ടു പോലും അവന്‍റെ അച്ഛന്‍ അവനെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിട്ടത്.അച്ഛന്റെ പരമ്പരാഗത തൊഴില്‍ തന്നെ തുടര്‍ന്നാല്‍ മതി എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടും അച്ഛന് വാശി ആയിരുന്നു മകനെ പഠിപ്പിക്കാന്‍. നാളെ സ്വന്തം മകന്റെ കാറില്‍ കയറി പോകുന്നതും മകന്‍റെ ഓഫീസില്‍ തല ഉയര്‍ത്തി നടക്കുന്നതും നാട്ടുകാര്‍ എല്ലാം തന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ സലാം പറയുന്നതും അയാള്‍ സ്വപ്നം കണ്ടിരിക്കണം. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അയാള്‍ ചോര നീരാവും വരെയും ജോലി ചെയ്തിരുന്നു.ലോണ്‍ എടുക്കാമായിരുന്നിട്ടും മകനെ സ്വന്തം പണം കൊണ്ട് തന്നെ പഠിപ്പിക്കണം എന്ന വാശി അയാളില്‍ എന്നാണ് ഉടലെടുത്തത് എന്ന് അയാള്‍ക്ക്‌ പോലും അറിയില്ലായിരുന്നു. അതിനിടയില്‍ വാര്‍ദ്ധക്യം അയാളെ പിന്തുടരുന്നത് അയാള്‍ പോലും അറിഞ്ഞില്ല.
              മകന്‍ ഇടയ്ക്കിടെ വന്ന് സപ്പ്ളി ഉണ്ട് എന്നൊക്കെ അമ്മയോട് പറയുന്നത് അയാള്‍ കേള്‍ക്കാറുണ്ടായിരുന്നു.പക്ഷേ അതിന്റെ അര്‍ഥം എന്തായിരുന്നു എന്ന് അന്നൊന്നും അയാള്‍ക്ക് അറിയുമായിരുന്നില്ല. ഒരിക്കല്‍ അത് മനസ്സിലാക്കിയ അതേ ദിവസമായിരുന്നു സ്വന്തം ജരാനരകളും അയാള്‍ തിരിച്ചറിഞ്ഞത്. അതേ വാര്‍ദ്ധക്യം പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. സപ്പ്ളി ഒന്നും സാരമില്ല,അതൊക്കെ കോഴ്സ് തീരുമ്പോഴേക്ക് എഴുതിയെടുക്കാവുന്നതെ ഉള്ളു എന്ന മകന്‍റെ ഉറപ്പ് പക്ഷേ അയാളില്‍ നിന്നും വാര്‍ദ്ധക്യചിന്തകളെ മുഴുവന്‍ വെട്ടിമാറ്റി.മാത്രവുമല്ല കൂടുതല്‍ ഊര്‍ജ്ജസ്വലനായി പണിയെടുക്കാനാണ് അയാള്‍ക്ക് അപ്പോള്‍ തോന്നിയത്.
              അവന്‍റെ അമ്മക്ക് അയാളുടെ അത്ര പോലും വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവന്‍ പറയുന്ന പലതും അവള്‍ക്ക് മനസ്സിലാവാറുപോലും ഇല്ലായിരുന്നു. എന്നാലും അവന്‍ പറയുന്ന കാര്യങ്ങള്‍ക്ക്
എല്ലാം അവള്‍ പൈസ എങ്ങനെയെങ്കിലും ഒപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. വേണ്ടാത്ത കാര്യങ്ങള്‍ക്ക് അവന്‍ പൈസ കളയില്ല എന്ന് അവള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അങ്ങനെ വാങ്ങിയതാണ് അവനു വേണ്ട ഫോണും ലാപ്ടോപ്പും എല്ലാം.

              ഓരോ തവണ ലീവിന് വരുമ്പോഴും അവള്‍ അവനിഷ്ടപ്പെട്ട ഉണക്കമീനും പപ്പടവും പയറുപ്പേരിയും കൊടുക്കാറുണ്ടായിരുന്നു. അവന് അവിടെ ഇഷ്ടമുള്ളതൊന്നും കിട്ടുന്നില്ലെന്ന് അവന്‍റെ ശരീരഭാഷയില്‍ നിന്നും അവള്‍ മനസ്സിലാക്കിയിരിക്കണം. അവന്‍ അത് ആക്രാന്തത്തോടെ വാരിത്തിന്നുന്നത് അവള്‍ ഒരുപാട് സന്തോഷത്തോടെ നോക്കി നില്‍ക്കാറുണ്ടായിരുന്നു . വീട്ടില്‍ ഉള്ളപ്പോ മിക്ക ദിവസവും അവന്‍
ഉണരുമ്പോള്‍ പത്തുമണിയോടടുക്കുമായിരുന്നു.  അവന്‍റെ സമപ്രായക്കാര്‍ എല്ലാം ഈ സമയം ജോലികളില്‍ മുഴുകി വീട്ടിലേക്ക് പൈസ എത്തിക്കാന്‍ തുടങ്ങിയത് ഒന്നും അവള്‍ മറന്നിട്ടല്ല,എന്നാലും അവനെ അവള്‍ വീട്ടിലെ ജോലി ചെയ്യാന്‍ പോലും നിര്‍ബന്ധിക്കാറില്ലായിരുന്നു.  തന്‍റെ മകന്‍ വേറെ നാട്ടില്‍ ഒരുപാട് കഷ്ടപ്പെട്ടാണ് പഠിക്കുന്നത് എന്ന് അവള്‍ കരുതിയിരുന്നു. രാവിലെ അവനു വേണ്ടുവോളം അവനെ ഉറങ്ങാന്‍ അവള്‍ അനുവദിച്ചി
രുന്നു. അവളുടെ മനസ്സ് അവനെ അടിച്ചെഴുന്നേല്‍പ്പിക്കാന്‍ അവളോട്‌ പറഞ്ഞുകൊണ്ടിരുന്നു എങ്കിലും അവന്‍ പറയുന്ന  'രാത്രികളില്‍ തീവണ്ടിയില്‍ ഉറക്കമൊഴിഞ്ഞ് യാത്ര ചെയ്യുന്ന'  കഥകള്‍ അവളെ അതിനു അനുവദിച്ചിരുന്നില്ല. അവന്‍ പകല്‍ സമയം മിക്കപ്പോഴും കമ്പ്യൂട്ടറില്‍ കളിച്ചുകൊണ്ടിരിക്കുകയാവും. അച്ഛനോളം തന്നെ മുതിര്‍ന്നു എങ്കിലും അച്ഛന്റെ ജോലികളില്‍ ഒന്നും സഹായിക്കാതെ അവന്‍ ഇപ്പോഴും കമ്പ്യൂട്ടറില്‍ ഇരിക്കുന്നത് അവളില്‍ തെല്ലുവിഷമം ഉണ്ടാക്കിയിരുന്നുവെങ്കിലും അവള്‍ അവനെ ശകാരിക്കാറില്ലായിരുന്നു. അയാളും അങ്ങനെ തന്നെ.
            

               മടിയുടെ കരസ്പര്‍ശം അവനില്‍ അനുഭവപ്പെട്ടു തുടങ്ങിയത് സപ്പ്ളികള്‍ കിട്ടിത്തുടങ്ങിയപ്പോളായിരുന്നു.എങ്കിലും അവനത് കാര്യമാക്കിയില്ല.'മറ്റു പലര്‍ക്കും ഉണ്ടല്ലോ സപ്പ്ളി.ഞാന്‍ മാത്രം എന്തിനു കാര്യമാക്കണം??'
 
             അന്ന് കാലത്ത് സമയം പത്തിനോടടുക്കുന്നു.അവന്‍ ഇപ്പോഴും എഴുന്നേറ്റിട്ടില്ല.അവന്‍ കോഴ്സ് കഴിഞ്ഞു വന്നിട്ട് ഇന്നേക്ക് ഏതാണ്ട് ഒരു മാസം തികയുന്നു. കൂടെ പഠിച്ച മിക്കവര്‍ക്കും ജോലി ആയി.അവനു മാത്രം പക്ഷേ...  അതില്‍ ഉള്ള സങ്കടം അവള്‍ കടിച്ചമര്‍ത്തി. പക്ഷേ മറ്റുള്ള പലരും വിശ്രമിക്കുന്ന സമയത്തും തന്‍റെ കുടുംബത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന ഭര്‍ത്താവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അവളുടെ കണ്ണ് പലപ്പോഴും നിറഞ്ഞിരുന്നു. അയാള്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ കിടന്നുറങ്ങുന്ന മകനെ ചുംബിക്കുന്നത് അവള്‍ കാണാറുണ്ടായിരുന്നു. അച്ഛനെ സഹായിക്കേണ്ട മകന്‍ ഒരു ജോലി ആവാതെ   വീട്ടില്‍ മടി പിടിച്ച് കിടന്നുറങ്ങുന്ന  അവസ്ഥ വന്നതില്‍ അവള്‍ക്ക് ഒരുപാട് ദുഃഖം ഉണ്ടായിരിക്കണം. എന്നാലും അവന് അച്ഛനെ ഒന്ന് സഹായിച്ചാല്‍ എന്താ?? ഏറ്റവും കുറഞ്ഞത് വീട്ടിലെ ജോലികള്‍ ചെയ്യാന്‍ എങ്കിലും. സത്യം പറഞ്ഞാല്‍താന്‍ അറിഞ്ഞുകൊണ്ട് തന്നെ തന്‍റെ മകനെ മടിയനാക്കി മാറ്റുകയല്ലേ ചെയ്യുന്നത്??   പല പല ചിന്തകളും അവളുടെ മനസ്സിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ഇന്നലെ അയാള്‍ വരുമ്പോള്‍ അയാളുടെ കാലിനു മുകളില്‍ ആഴത്തില്‍ ഒരു മുറിവ് അവള്‍ കണ്ടതാണ്.അയാളുടെ നിര്‍ദേശപ്രകാരമാണ് അവള്‍ അത് മകനില്‍ നിന്നും ഒളിച്ചുവച്ചത്.പക്ഷേ അത് അവനോടു പറയാമായിരുന്നു എന്ന് അവള്‍ക്ക് തോന്നി. ഒരുപക്ഷെ അച്ഛന്റെ വിഷമങ്ങള്‍ അറിയാത്തത് കൊണ്ടാവാം മകന്‍ ഇങ്ങനെ മടി കാണിക്കുന്നത്. ഇതൊക്കെ അറിഞ്ഞാല്‍ അവന്‍റെ മനസ്സ് മാറിയാലോ??
                    
                 ആ മുറിവും കൊണ്ട് തന്‍റെ പഴഞ്ചന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പനിസാധനങ്ങളുമായി അയാള്‍ അതിരാവിലെ പോകുന്ന കാഴ്ച്ച കണ്ടപ്പോള്‍ ശരിക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരിക്കലും അവള്‍ക്ക് അനുഭവപ്പെട്ടിട്ടില്ലാത്ത തരം സങ്കടവും ജീവിതത്തോട് അനിര്‍വചനീയമായ രീതിയില്‍ ദേഷ്യവും വെറുപ്പും അവള്‍ക്ക് തോന്നി. അത് എങ്ങനെ തീര്‍ക്കണം എന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു.അവള്‍ അടുക്കളയില്‍ കയറി പതിവില്ലാതെ ഒരുപാട് ജോലി ചെയ്തു.. എന്തെല്ലാമോ.... അവള്‍ക്ക് അവള്‍ ചെയ്യുന്നത് എന്തെന്ന ബോധം ഇല്ലാത്തത് പോലെ എന്തെല്ലാമോ.... ഇടക്ക് ഒരു തെങ്ങോലമടല്‍ വെട്ടിയെടുത്തു കൊണ്ട് വന്നു അവള്‍ ഉറങ്ങിക്കിടക്കുന്ന അവനെ പൊതിരെ തല്ലി... ഉറക്കത്തില്‍ എന്താ സംഭവിക്കുന്നത് എന്നറിയാതെ അവന്‍ ഞെട്ടി ഉണര്‍ന്നു. അമ്മയെ തടുക്കാന്‍ ഉള്ള കരുത്ത് അവനുണ്ടെങ്കിലും അവന്‍ അത് ചെയ്തില്ല. പകരം അവന്‍ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. അവള്‍ പുറകില്‍ നിന്നു പറയുന്നത് അവനു കേള്‍ക്കാമായിരുന്നു " നിനക്ക് ഒരു തന്തയുണ്ട്,അറിയാമോ? അങ്ങേര് പകലന്തിനേരവ്യത്യാസമില്ലാതെ കിടന്നു കഷ്ടപ്പെടുന്നത് നിനക്കൊക്കെ തന്നെ വേണ്ടിയാ...അത് വല്ലതും കാണുന്നുണ്ടോ നീ?? "
              
http://www.publicdomainpictures.net/pictures/20000/nahled/sad-man-and-rain.jpg       അവന്‍ ഒന്നും മിണ്ടിയില്ല.മിണ്ടാന്‍ അവന്‍റെ നാവു പൊങ്ങിയില്ല. വളരെ കാലം കൂടിയാണ് അമ്മ തന്നെ ശകാരിക്കുന്നത്. അമ്മ പറയുന്നത് മുഴുവന്‍ ശരിയാണ്. തിരിച്ച് ഒന്നും പറയാന്‍ ഞാന്‍ ആളല്ല. അങ്ങനെ ചെയ്‌താല്‍ അത് ധിക്കാരമാണ്. ഒന്നും മിണ്ടാതെ അവന്‍ പുറത്തേക്ക് പോയി... അമ്മയോട് ഒരു ചെറിയ ദേഷ്യം എന്നിട്ടും അവന്‍റെ മനസ്സില്‍ പൊട്ടിമുളച്ചിരുന്നു എന്നത് സത്യമായിരുന്നു. അത് പക്ഷേ അവന്‍ തീര്‍ത്തത് അവനോടു തന്നെ ആയിരുന്നു. അവന്‍റെ മനസ്സിനോട് തന്നെ ആയിരുന്നു. പ്രാഥമിക കര്‍മങ്ങള്‍ക്ക് ശേഷം വീട്ടില്‍നിന്നും ഒന്നും കഴിക്കാതെ അവന്‍ കൂട്ടുകാരന്‍റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി. അമ്മ തന്നെ നോക്കുന്നുണ്ടോ എന്നുപോലും തിരിഞ്ഞു നോക്കാന്‍ അവന് തോന്നിയില്ല. സങ്കടവും ദേഷ്യവും അവന്‍ കടിച്ചമര്‍ത്തുകയായിരുന്നു. ഉച്ച വരെ അവന്‍ തിരിച്ചു വീട്ടിലേക്ക് പോയില്ല. ഉച്ചക്ക് അമ്മ തയ്പ്പിനു പോകുന്ന സമയം കഴിഞ്ഞപ്പോള്‍ അവന്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ അമ്മ ഉണ്ടായിരുന്നില്ല.അമ്മ തയ്പ്പിനു പോയി. അവന്‍ ഉറപ്പിച്ചു.വാതില്‍ തുറക്കാനായി അവന്‍ പൂട്ടിന്മേല്‍ കൈ വച്ചപ്പോള്‍ അവിടെ ഒരു കടലാസുകഷണം ഉണ്ടായിരുന്നു.അതില്‍ ഇങ്ങനെ എഴുതിയിരുന്നു..
             

                 " മോന് ഇഷ്ടപ്പെട്ട പയറുപ്പേരിയും ഉണക്കമീനും ഉണ്ടാക്കി വച്ചിട്ടുണ്ട്.കഴിക്കാന്‍ മറക്കരുത്... അമ്മ ജോലിക്ക് പോവുകയാണ് "
         

               അവന്‍റെ കണ്ണുനീര്‍കൊണ്ട് ആ കടലാസുകഷണം നിറയാന്‍ ഒരു നിമിഷാര്‍ദ്ധം പോലും വേണ്ടി വന്നില്ല.

6 comments:

  1. മദേഴ്സ് ഡേ ആഘോഷിക്കുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.

    ReplyDelete
  2. കഥ വളരെ നന്നായിരിക്കുന്നു....
    മകനെ അവന്‍ എന്ന് പറയുമ്പോള്‍ കൂടെ അമ്മയെ അവള്‍ എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ വായനക്കിടയില്‍ എന്തോ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു..പ്രായം കണക്കാക്കുമ്പോള്‍ അവര്‍ എന്ന് പറഞ്ഞാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്ന് തോന്നുന്നു.
    ആശംസകള്‍..

    ReplyDelete
  3. വളരെ നല്ല ഒരു ഓര്‍മപ്പെടുത്തല്‍... നന്ദി ഷൈജു ചേട്ടാ. തീര്‍ച്ചയായും അടുത്ത തവണ മുതല്‍ ശ്രദ്ധിക്കാം

    ReplyDelete
  4. palappozhum enne pattiyaano ee kadha enn thonnipoyi....
    Superb !!

    ReplyDelete
  5. എന്താ പറയ്യാ .... വളരെ നല്ല കഥയാണ്‌ ... എന്നാലും എന്തൊക്കെയോ എവിടെയൊക്കെയോ
    ഒരു മിസ്സിംഗ്‌ .. എന്താണെന്ന് പറയാനും പറ്റുന്നില്ല ...
    രണ്ടു രീതിയിൽ കഥ .പറയാം ... കഥാപാത്രത്തിന്റെ കണ്ണിലൂടെയും
    അല്ലെങ്കിൽ കഥാകൃത്തിന്റെ കണ്ണിലൂടെയും ... ഇവിടെ ആദ്യത്തെ ഭാഗത്ത് അച്ഛന്റെ
    മനസിലൂടെ ആണ് കഥ പറഞ്ഞ ..
    തുടങ്ങിയത് പിന്നീട് അമ്മയിലേക്ക് അത് മാറി ...അവസാന ഭാഗത്ത് കുട്ടിയുടെ കണ്ണുകളിലൂടെ ആയി കഥ പറച്ചിൽ ....
    ഇതിൽ അമ്മ എന്നാണു പേര് കൊടുത്തതെങ്കിലും അച്ഛൻറെ കണ്ണിലൂടെ കഥ കണ്ട ഭാഗമാണ്
    എനിക്ക് ഏറെ ഇഷ്ടമായത് ... ഏറെ ഹൃദ്യം ... ഇനിയും എഴുതുക ... എഴുതിയത് വീണ്ടും വീണ്ടും
    വായിക്കുക .. തിരുത്തലുകൾ നടത്തുക ... എന്നിട്ട് പോസ്റ്റ്‌ ചെയുക .. എല്ലാ വിധ ആശംസകളും ..
    യാത്രക്കാരൻ ഇടയ്ക്ക് ഇങ്ങോട്ട വരാം ...:)

    ReplyDelete
  6. @അനോണിമാഷ് വന്നതിനു നന്ദി. തുടര്‍ന്നും വന്നു വായിക്കുക :)
    @യാത്രക്കാരന്‍ സത്യമാണ്.രണ്ടാമത് വായിക്കുമ്പോ പല തെറ്റുകളും തോന്നാറുണ്ട്. ഓരോ രചനകളിലും ശ്രദ്ധിക്കാറുണ്ട്. വീണ്ടും വരിക. നന്ദി :)

    ReplyDelete