Wednesday, May 8, 2013

ഹിമാലയവും പ്രണയവും

       


                പ്രണയം വികാരങ്ങള്‍ക്ക് പോലും നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത അനിര്‍വചനീയമായ എന്തൊക്കെയോ ആണെന്നാണല്ലോ കവികള്‍ പറഞ്ഞിരിക്കുന്നത്. അത് പോലെ ഉള്ള ഒരു മനോഹരമായ പ്രണയകാവ്യമാണ് ഞാന്‍ ഇന്നിവിടെ പറയാന്‍ പോണത്.ഈ കഥയ്ക്ക് നിങ്ങളില്‍ ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് യാദ്രിശ്ചികം ഒന്നും അല്ല.മനപ്പൂര്‍വം ആണ്. തുടങ്ങട്ടെ....


         അവരുടെ പ്രണയം തുടങ്ങിയിട്ട് ഇന്നേക്ക് എത്ര നാളായി എന്ന് രണ്ടു പേര്‍ക്കും ഓര്മ ഇല്ലായിരുന്നു. പക്ഷേ അവളെ എത്രയും വേഗം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നില്ലെങ്കില്‍ അപ്പന്‍ അവക്ക് വേറെ കല്യാണം തീരുമാനിക്കും എന്ന് അവള്‍ ഈയിടെയായി ഇടയ്ക്കിടെ
പുട്ടും കടലക്കറിയും
ഓര്‍മിപ്പിക്കാരുണ്ട്.അവളെ വിളിച്ചു വീട്ടില്‍ കൊണ്ട് വരാന്‍ ഉള്ള ചങ്കൂറ്റം ഇല്ലാത്തതു കൊണ്ടോ ആഗ്രഹം ഇല്ലാത്തതു കൊണ്ടോ അല്ല. അവക്ക് ആര് തിന്നാന്‍ കൊടുക്കും? കഴിഞ്ഞ തവണ അവളേം കൂട്ടി റഹ്മത്ത് ഹോട്ടെലില്‍ കയറിയപ്പോ തന്നെ അവന്‍ കണ്ടതാ. പുട്ടിനോട് അവക്ക് എന്തോ വല്ലാത്ത ദേഷ്യമാ.തീറ്റപ്രാന്തി ...!!  അവള്‍ അന്ന്  ആ പുട്ടിനിട്ടു ഇടിച്ച ഇടിയില്‍ അവനു നഷ്ടമായത് ട്രിവാണ്ട്രം ലോഡ്ജ് കാണാന്‍ വച്ചിരുന്ന ഇമ്മിണി പൈസയാണ്. പക്ഷേങ്കി അവളോടുള്ള ഇഷ്ടം കാരണം അവന്‍ എല്ലാം സഹിച്ചു.പിന്നീട് ആ സില്‍മ അവന്‍ സീഡി ഇട്ടാണ് കണ്ടത്. സിനിമ കാണുമ്പോ എല്ലാം ആ സംഭവം ഓര്‍ത്ത്‌  അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു.

               "ട്രീനിംഗ് ട്രീനിംഗ് "

        പതിവിനു  വിപരീതമായി അന്ന് അവളായിരുന്നു അവനെ വിളിച്ചത്.
     
               "ആര്‍ടാ ഈ വെളുപ്പാന്‍ കാലത്ത്..."

വാച്ചില്‍ നോക്കിക്കൊണ്ട്‌ അവന്‍ ഫോണ്‍ എടുത്തു.സമയം 10നോട്‌  അടുക്കുന്നു.

               "ഡാ, നീ എവിടെയാ? ഇപ്പൊ വീട്ടില്‍ ആരുമില്ല. അച്ഛനും അമ്മയും എല്ലാം പള്ളീപ്പോയി ... നീ ഇങ്ങോട്ട് വാ?? "

                "എന്തിന്??!! " 

       അവന്‍റെ മനസ്സില്‍ ഒരു രണ്ടു ലോഡ് ലഡ്ഡു കിടന്നു പൊട്ടാന്‍ തുടങ്ങി.കോഴിക്കാല് കണ്ട ഡോബര്മാനെപ്പോലെ അവന്‍റെ നാക്കെല്ലാം  പുറത്തേക്ക് തള്ളി വരാന്‍ തുടങ്ങി.

                "നമുക്ക് ചോറും കൂട്ടാനും വെച്ച് കളിക്കാം. ചെരട്ടേം കളിമണ്ണും ഒക്കെ ഒണ്ട്,നീ വേഗം വാ."

        അവനു ദേഷ്യം വന്നു.ദേഷ്യം കൊണ്ട് അവന്‍റെ മുഖം ആദ്യം മഞ്ഞ കളര്‍ ആയി.പിന്നെ ചുകന്നു വന്നു. ഇനി പച്ച കളര്‍ ആവുമോ എന്ന് അവന്‍ ഭയന്നു.ഇല്ല പച്ച ആവുന്നില്ല.മുഖത്ത് പച്ച കളര്‍ കാണാന്‍ ഉള്ള ഭാഗ്യം തനിക്കില്ല എന്ന് അവന്‍ സങ്കടത്തോടെ മനസ്സിലാക്കി.

             "ഒന്ന് പോടി...
എന്‍റെ പട്ടി വരും ചോറും കൂട്ടാനും വെച്ച് കളിയ്ക്കാന്‍. നിന്റടുത്ത് ബെന്‍ടെന്‍ ടെറാ-സ്പിന്‍ ഉണ്ടോ??  അറ്റ്‌ലീസ്റ്റ്  റിമോട്ട് കണ്ട്രോള്‍ന്‍റെ കാര്‍ എങ്കിലും ഉണ്ടോ?? "

               അങ്ങനെ ഒരു ചോദ്യം അവള്‍ ഒരിക്കലും അപ്പോള്‍ പ്രതീക്ഷിച്ചിരുന്നില്ല. വിഷമം കൊണ്ട് അവളുടേം  മുഖം ആദ്യം മഞ്ഞച്ചു പിന്നെ  ചുവന്നു വന്നു. പക്ഷേ അവള്‍ പച്ച ആവുന്നത് നോക്കി നിന്നില്ല.കാരണം അവക്ക് പച്ച കളര്‍ ഇഷ്ടമില്ലായിരുന്നു.

               "ഡാ പ്ലീസ്, ഈ ഒരു കാരണം പറഞ്ഞ് നീ എന്നെ ഉപേക്ഷിക്കല്ലേ. നിന്‍റെ കയ്യില്‍ ഒട്ടിക്കാന്‍ ഞാന്‍ ഡിജിമോന്‍റെ ടാറ്റൂ എല്ലാം കൊണ്ട് വച്ചിട്ടുണ്ട്... പ്ലീസ്.. നീ വാ!!"

                 ഡിജിമോനെ അവനു ഇഷ്ടമല്ലായിരുന്നു. പോക്കിമോന്‍ ഉണ്ടെങ്കില്‍ ഡിജിമോന്‍ ഒക്കെ വെറും പുഴു ആണെന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു.എന്നാലും അവള്‍ക്ക് വേണ്ടി അവന്‍ വരാമെന്ന് വാക്ക് കൊടുത്തു

                 "ഓക്കേ.. ഞാന്‍ വരാം "

            അവള്‍ സന്തോഷത്തോടെ ഫോണ്‍ കട്ട്‌ ചെയ്യുന്നത് കേട്ട അവന്‍റെ മനസ്സ് നിറഞ്ഞു.പിന്നെ  കപ്പയും മത്തിക്കറിയും കഴിക്കാന്‍ അവനു തോന്നിയില്ല.വേഗം തന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് അവന്‍ അവിടെ നിന്നും പുറപ്പെട്ടു.

          ഇടയ്ക്കിടെ അവന്‍ സ്പീഡോമീറ്ററില്‍ നോക്കിക്കൊണ്ടിരുന്നു.55KM/Hr.  അവന്‍ മനസ്സില്‍ ഓര്‍ത്തു, 'അവള്‍ടെ വീട്ടിലേക്ക് ഇരുപത്തഞ്ചു കിലോമീറ്റര്‍. ഈ സ്പീഡില്‍ പോയാല്‍ എത്ര സമയം കൊണ്ട് അവിടെ എത്തും? ' അവന്‍ ഓര്‍ത്തു.. 
          'ഇല്ല തനിക്ക് ഒരിക്കലും അത് കണ്ടു പിടിക്കാന്‍ പറ്റില്ല!! '
          അന്ന് വെലോസിറ്റിയെ കുറിച്ച് ലൂസി മിസ്സ്‌ ക്ലാസ് എടുത്തപ്പോ കട്ട്‌ ചെയ്ത് സിനിമ കാണാന്‍ പോയ ദിവസത്തെ അവന്‍ അവിടെ ഇരുന്ന് ഏഴു മിനിറ്റ് പഴിച്ചുഅവസാനംരണ്ടുംകല്‍പ്പിച്ച്അവന്‍ വേഗത  കൂട്ടി. മുന്നില്‍ക്കൂടെ കഥകളി കളിച്ചു കൊണ്ട് പോയിരുന്ന ഒരു മിറ്റ്സുഭിഷിയെ അവന്‍റെ പള്‍സര്‍ ചെറുതായിട്ട് ഒന്ന് ഉരസി. നിര്‍ത്താതെ പോണം എന്ന് കരുതിയതാണ്.പക്ഷേ മുമ്പില്‍ ട്രാഫിക് പോലീസുകാരനും നില്‍പ്പുണ്ട്.എന്തായാലും പിടി കൊടുത്തെ പറ്റൂ.അവന്‍ വണ്ടി നിര്‍ത്തി.

          മിറ്റ്സുഭിഷിയില്‍ നിന്നും ഒത്ത പൊക്കവും തടിയും ഉള്ള ഒരു മനുഷ്യന്‍ ഇറങ്ങി വന്നു ചൂടാവാന്‍ തുടങ്ങി.
മിറ്റ്സുഭിഷിയുടെ കാര്‍

            " താന്‍ എവിടെ നോക്കി ആടോ വണ്ടി ഓടിക്കുന്നത്?? തനിക്ക് ഓവര്‍ടേക്ക് ചെയ്യുമ്പോ ഒന്ന് ഹോണ്‍ അടിച്ചാലെന്താ?? "

     
        അവന്‍ ആദ്യം ഒന്ന് ഭയന്നു.പിന്നീട് വിനയാന്വിതനായി ചോദിച്ചു.
             "ഓവര്‍ടേക്ക് ചെയ്യുമ്പോ ഹോണ്‍ അടിക്കാതെ കേറി വന്നാല്‍ എന്തേലും കുഴപ്പമുണ്ടോ സാര്‍? "

               ചോദ്യം കേട്ടപ്പോ അയാള്‍ക്കും സംശയമായി. "കുഴപ്പമുണ്ടോ എന്നൊക്കെ ചോദിച്ചാല്‍... ഓരോരോ ശീലങ്ങളാവുമ്പോ... അതിപ്പോ എങ്ങന്യാ... ആക്സിടെന്റ്റ് ഇത്തിരി കൂടും..."

              "അപകടം ഇത്തിരി കൂടിയാലും വേണ്ടില്ല.ഹോണ്‍ വേണ്ട.സമയം ഇല്ലാത്തോണ്ടാ "

                 ഇത് കേട്ടപ്പോ അയാള്‍ക്കും വിഷമമായി. അയാള്‍ ട്രാഫിക് ഉദ്യോഗസ്ഥനെ വിളിച്ചു ഉറക്കെ ചോദിച്ചു. "അതേയ് സാറേ, ഈ ഓവര്‍ടേക്ക് ചെയ്യാന്‍ വരുമ്പോ ഹോണ്‍ അടിക്കാതെ വരാമോ എന്നാ ചോദിക്കുന്നെ... എന്താ ചെയ്യാ?? "

                 മീശമാധവന്‍ അവന്‍ എട്ടു തവണ കണ്ടിരുന്നു.അതുകൊണ്ട് ഉത്തരം എന്താണെന്ന് കാത്തു നില്ക്കാന്‍ അവന്‍ നിന്നില്ല.പെട്ടെന്ന് തന്നെ ബൈക്ക് എടുത്ത് അവന്‍ ഓടിച്ചു പോയി. പെട്ടെന്ന് തന്നെ അവന്‍ അവളുടെ വീട്ടില്‍ എത്തിച്ചേര്‍ന്നു. പുറത്ത് ഒരു പാട് ചെരുപ്പുകള്‍!! അവനു എന്തോ പന്തികേട്‌ തോന്നിത്തുടങ്ങി. അവന്‍ ധൈര്യം സംഭരിച്ചു (സംഭാരം അല്ല) അകത്തേക്ക് കയറാന്‍ തീരുമാനിച്ചു.

         അതെ.. അവനു തെറ്റിയിട്ടില്ല... അകത്തു പെണ്ണ് കാണല്‍ നടക്കുകയാണ്. ഇല്ല !! എന്‍റെ കൊക്കിനു ജീവനുള്ളപ്പോ ഇത് നടക്കാന്‍ പാടില്ല!!! അവന്‍ ഓടി ചെന്ന് ചെക്കന്‍റെ കഴുത്തില്‍ കോളറിനു ചുറ്റിപ്പിടിച്ചു. ചുറ്റും നിന്നവര്‍ എല്ലാം സ്തബ്ധരായിപ്പോയി!! ആരാണിവന്‍ എന്ന ഭാവേന എല്ലാരും മുഖത്തോട് മുഖം നോക്കി. അവന്‍ കോളറില്‍ ഉള്ള പിടുത്തം മുറുക്കി.അപ്പോഴാണ്‌ ചെക്കന്‍റെ പോക്കറ്റില്‍ കിടക്കുന്ന ഗ്യാലക്സി എസ് ത്രീ ഫോണ്‍ അവന്‍റെ കണ്ണില്‍ പെട്ടത്. അവന്‍ വേഗം തന്നെ അത് വലിച്ചെടുത്തു...

        "ഇതില്‍ ആന്ഗ്രി ബേര്‍ഡ് ഉണ്ടോ?? "  അവന്‍ ആരാഞ്ഞു.

         "ഉണ്ട് " തെല്ലു ഭയത്തോടെ അയാള്‍ ഉത്തരം പറഞ്ഞു.

           അവന്‍ അവിടെ ഇരുന്ന് ഫോണില്‍ ആന്ഗ്രി ബേര്‍ഡ് കളിയ്ക്കാന്‍ തുടങ്ങി. കൂടുകള്‍ ഒന്നൊന്നായി തുറന്നു വിട്ട് അവന്‍ മുന്നേറാന്‍ തുടങ്ങി. എല്ലാവരുടെയും കണ്ണുകള്‍ അവന്‍റെ മേല്‍ തറച്ചു നിന്നു. കിളികളെ ഉപയോഗിക്കുന്നതില്‍ അവനുള്ള കഴിവ് കണ്ടു പെണ്ണിന്റെ അച്ഛന് അത്ഭുതം കൂറി!!!

           "സബാഷ്!!! പുത്രാ... നീ ആരാണ്?? നിന്‍റെ കഴിവില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. നീ ആരായാലും നിന്നെ പോലെ ഒരു യോദ്ധാവാണ് അവള്‍ക്ക് ഏറ്റവും യോജ്യന്‍! നിനക്ക് വേണ്ടി ഞാന്‍ എന്‍റെ മകനെ ഇതില്‍നിന്നും പിന്തിരിപ്പിക്കുകയാണ്. അവള്‍ നിന്‍റെ ആണ്.. നിന്‍റെ മാത്രം!! "

            സന്തോഷം കൊണ്ട് അവന്‍റെ കണ്ണില്‍നിന്നും വെള്ളം കുമുകുമാ ഒഴുകി. അടുത്ത് നിന്ന ആളിന്റെ അടുത്ത് നിന്നും അവന്‍ ടവ്വല്‍ വാങ്ങി മൂക്ക് പിടിച്ചു. പക്ഷേ പെണ്ണിന്‍റെ ചേട്ടന്‍ അത്ര പെട്ടെന്ന് വഴങ്ങുന്ന ഒരാള്‍ ആയിരുന്നില്ല.

            "നിന്നെ അങ്ങനെ പെട്ടെന്നൊന്നും അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല.നീ എന്‍റെ പെങ്ങള്‍ക്ക് യോജിച്ചവനാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാവണം, എന്നാലേ ഈ കല്യാണത്തിനു സമ്മതിക്കാന്‍ പറ്റൂ... ഞാന്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാം.എല്ലാത്തിനും ശരിയുത്തരം പറഞ്ഞാല്‍ നിനക്കവളെ കൊണ്ടുപോകാം."

            "ശരി സമ്മതിച്ചിരിക്കുന്നു... ചോയിക്കിന്‍...." അവന്‍ കൃത്രിമ ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞു.

മഞ്ഞ കിളി
              "ശരി, ഇന്നാ ആദ്യത്തെ ചോദ്യം.ഒരു ട്രെയിന്‍ അറുപത്തഞ്ച്  മീറ്റര്‍ പെര്‍ സെക്കന്‍ഡില്‍ നോര്‍ത്ത് നിന്നും സൗത്തിലേക്ക് പോകുന്നു.എതിര്‍ ദിശയില്‍ ഒരു മഞ്ഞ കിളി പതിനഞ്ചു മീറ്റര്‍ പെര്‍ സെക്കന്‍ഡില്‍ പറന്നു  വരുന്നുണ്ട്.തീവണ്ടിയുടെ നീളം അറുനൂറ്റി നാല്‍പ്പതു മീറ്റര്‍ ആണേല്‍ മഞ്ഞക്കിളി എത്ര സമയം കൊണ്ട് ട്രെയിനെ പാസ് ചെയ്യും? "

              ചോദ്യം കേട്ടപ്പോ തന്നെ അവന്‍റെ പാതി ബോധം പോയി.തലയില്‍ കൈ വെച്ചുകൊണ്ട് അവന്‍ പറഞ്ഞു: " എട്ടിന്റെ പണി ആയല്ലോ മോനേ... "
തീവണ്ടി

   
            ഇത് കേട്ടതും ചേട്ടന്‍റെ മുഖം തുടുത്ത് ആപ്പിള്‍ പോലെ ആയി. "വളരെ ശരിയായ ഉത്തരം.എട്ടു സെക്കണ്ട് ആണ് ആന്‍സര്‍.നിങ്ങള്‍ അതീവ ബുദ്ധിശാലി തന്നെ...ശരി അടുത്ത ചോദ്യം ഇതാ.. അഞ്ച് ആമ്പിയര്‍ കറന്റ്‌ ഒഴുകുന്നതും അമ്പത്തഞ്ചു മില്ലീമീറ്റര്‍ റേഡിയസ് ഉള്ളതുമായ  ഒരു കറന്റ്‌ കമ്പിക്കു ചുറ്റും ഉള്ള മാഗ്നെറ്റിക് ഫോഴ്സ് ഓഫ് അട്ട്രാക്ഷന്‍ എത്രയാണ്? "

                "ഹ്ഹ്...!! അത് പിന്നെ..." അവന്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി.
അവന്‍ പതിഞ്ഞ ശബ്ദത്തില്‍ അവനോടു തന്നെ മന്ത്രിച്ചു "ഇതിവിടെ ഒന്നും നിക്കാന്‍ പോണില്ലാ... "

ഇലക്ട്രിക് ലൈന്‍സ് അഥവാ കരണ്ടു കമ്പി
                 ഇതും കൂടെ കേട്ട ചേട്ടന്‍ സന്തോഷം കൊണ്ട് അലറി, "വാവ്... അവിശ്വസനീയം തന്നെ... വളരെ കൃത്യമായ ഉത്തരം. ഇവിടെ ഒന്നും നില്‍ക്കില്ല....അത് ഇന്ഫിനിട്ടി ആണ്.കാരണം ഞാന്‍ തന്ന ഡാറ്റ ഇന്‍സഫിഷ്യെന്റ്റ് ആണ്... നിങ്ങളുടെ കഴിവ് അപാരം തന്നെ"

               
              അവനു സ്വന്തം കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ആദ്യമായി അവനു സ്വന്തം കഴിവില്‍ അഭിമാനം തോന്നി. അങ്ങനെ അവര്‍ രണ്ടു പേരും ചേര്‍ന്ന് ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഒബാമ അമേരിക്കന്‍ പ്രസിഡന്റ്‌ ആയതും പെട്രോള്‍ വില കൂട്ടലും നിതാഖാത്തും ഡോളറിന്റെ വില കൂടലും എല്ലാം അവര്‍ ചര്‍ച്ച ചെയ്തു.അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി. അവരുടെ ഇരുവരുടെയും വിജ്ഞാനം ഓര്‍ത്ത്‌ അവര്‍ തന്നെ പരസ്പരം അത്ഭുതപ്പെട്ടു. പെണ്ണ് വേറെ ചെക്കനെ കെട്ടി സന്തോഷത്തോടെ ജീവിച്ചു. അവന്‍റെ താടിയും മുടിയും എല്ലാം വളര്‍ന്നു അനന്തമായി നീളാന്‍ തുടങ്ങി.ഒരു ദിവസം അവള്‍ അവന്‍റെ മുടി പിരിച്ച് ആകാശത്തേക്ക് ചുഴറ്റി എറിഞ്ഞു.എന്നിട്ട് അതില്‍ പിടിച്ച് ഹിമാലയത്തില്‍ തപസ്സിരിക്കാന്‍ പോയി.

ശുഭം!!!

No comments:

Post a Comment