Tuesday, April 9, 2013

എങ്ങനെ ഒരു തെലുങ്ക് സിനിമ ഉണ്ടാക്കാം??

നമസ്കാരം...
എന്റെ പേര്  ജമീന്ദ്ര കാമെറൂണുലു  മന്നാഡിയാര്‍. തെലുങ്ക് സിനിമാ ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്നു. ഇന്ന് ഞാന്‍ ഒരു തെലുങ്ക് സിനിമ എങ്ങനെ ഉണ്ടാക്കാം എന്നാണ് പറയാന്‍ പോകുന്നത്. തെലുങ്ക് നടന്മാര്‍ സിനിമകളില്‍ കാണുന്ന അവിസ്മരണീയമായ സ്റ്റണ്ട് രംഗങ്ങള്‍ എല്ലാം കണ്ട് നിങ്ങളില്‍ പലരും മണല് കോരി തരിക്കും പോലെ  കോരിത്തരിക്കാറുണ്ട് എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേങ്കി  ഇത് നിങ്ങള്‍ കരുതുമ്പോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യൊന്നുമല്ല. മൈക്രോസോഫ്റ്റ് പവര്‍പോയന്റ് പഠിച്ച ഏതൊരു സ്കൂള്‍ കുട്ടിക്കും ഒരു തെലുങ്ക് സില്‍മ ഉണ്ടാക്കാവുന്നതാണ്.ഇത് കേട്ടപ്പോ നിങ്ങക്ക് ഒരു ധൈര്യം ഒക്കെ ആയില്ലേ?? അതാ ഞാമ്പര്‍ഞ്ഞത്..


ഇനി നമുക്ക് തെലുങ്ക് സില്‍മ ഉണ്ടാക്കാന്‍ ആവശ്യമായ സാധനസാമാക്രികളുടെ... ഛെ... സാമഗ്രികളുടെ ലിസ്റ്റ് നോക്കാം. ബെയ്സിക്കലി ഒരു തെലുങ്ക് പടം ആവുമ്പോ  പൈസ വാരി കോഴിക്ക് തീറ്റ കൊടുക്കുമ്പോലെ എറിഞ്ഞു കൊടുക്കുന്ന ഒരു  പ്രൊഡ്യുസര്‍ അത്യാവശ്യമാണ്. ഒന്നും രണ്ടുമല്ല, പത്തു മുപ്പതു കോടി ഉറുപ്പ്യ ചക്കക്കുരു പോലെ വാരി എറിയാന്‍ കെല്‍പ്പുള്ള ആരെയെങ്കിലും ആദ്യം കണ്ടുപിടിക്കണം. ഇത് വളരെ ഈസി ആയ ഒരു പ്രൊസീജ്യര്‍ ആണ്. പക്ഷേങ്കി അവരെ തൃപ്തിപ്പെടുത്താന്‍  പറ്റിയ നല്ല കഴിവുള്ള നായക നടന്മാര്‍ അനിവാര്യമാണ്. ഡോക്ടര്‍ എച്ച് പി എന്ന പേരില്‍ അറിയപ്പെടുന്ന   ഹരിനാഥ് പൊചാര്ലയെ പോലുള്ള കഴിവുറ്റ നടന്മാര്‍ ആണെങ്കില്‍ നന്നാവും. കടല തിന്നു കൊണ്ടിരിക്കുമ്പോ പെട്ടെന്ന് കല്ല്‌ കടിച്ച ഭാവമാണ് എപ്പോഴും മുഖത്ത് എന്ന് കൊറേ ബ്ലഡി മലയാളീസ് പറയുമെങ്കിലും വില്ലന്മാരെ അടിച്ചു പരത്താന്‍ എച്ച് പി സാറിനെ പോലെ വേറെ ആര്‍ക്കും കഴിയില്ല എന്ന് ഞങ്ങ വെല്ലു വിളിക്കുന്നു.സാറ് വാള് വെച്ച് വെട്ടിയാല്‍ വില്ലന്മാരുടെ മുറിവീക്കൂടെ ഏതാണ്ട് അഞ്ച് ലിറ്റര്‍ ചോര വരെ പുറത്ത് വരും."അഞ്ചോ??"  എന്നൊക്കെ ചോദിച്ചാല്‍ അഞ്ചില്ലേലും ഒരു നാലേ പോയന്റ് എട്ടു ലിറ്റര്‍ ഒക്കെ എന്തായാലും കാണും. സാറിന്‍റെ മാസ്മരികമായ ആക്റ്റിംഗ് പാടവം കാണണേല്‍ മോളിലത്തെ വീഡിയോ കണ്ടാ മതി. അപ്പൊ പറഞ്ഞു വന്ന കാര്യം മറന്നു പോയി. ഇങ്ങനത്തെ നായകന്‍
ഒന്ന് മതി. ഒന്നില്‍ക്കൂടുതല്‍ നായകന്മാര്‍ വന്നാല്‍ അത് തെലുഗു മക്കള്‍ക്ക് ഇഷ്ടമല്ല.അതോണ്ട് ഒന്ന് മതി.


രണ്ടാമത് വേണ്ടത് നല്ല ഒരു നായികയാണ്.അഭിനയം ഒന്നും അറിയില്ലേലും പ്രശ്നമില്ല, പക്ഷെ ഡാന്‍സ് കളിയ്ക്കാന്‍ അറിഞ്ഞിരിക്കണം.പ്രണയം മാത്രേ ഒള്ളു നായികമാര്‍ക്ക് പണി.അത്യാവശ്യം കിസ്സ്‌ ചെയ്യാന്‍ ഒക്കെ പഠിച്ചിരിക്കണം.ആദ്യ പകുതിയില്‍ മാത്രമേ നായികക്ക് സീന്‍ കൊടുക്കേണ്ടതുള്ളൂ.രണ്ടാം പകുതീല്‍ മുഴുവന്‍ നായകന്‍ സ്ക്രീനില്‍ നിറഞ്ഞു നിക്കണം.അല്ലേലും അവരിപ്പോ കൂടുതല്‍ എന്ത് ചെയ്യാനാ.അതൊക്കെ മതി.നായികമാര്‍ ഒന്നില്‍ കൂടുതല്‍ ആയാലും കുഴപ്പമില്ല.പാട്ടിന്റെ എണ്ണവും മറ്റും നോക്കി എണ്ണം കൂട്ടാവുന്നതാണ്.ക്ലൈമാക്സില്‍ നായിക വന്നു നായകനെ കേട്ടിപ്പിടിക്കുവേം ഉമ്മ വെക്കുവേം ഒക്കെ വേണം.അത് മസ്റ്റ്‌ ആണ്.
  




       അത്യാവശ്യമുള്ള വേറെ കുറച്ച് സാധനങ്ങള്‍ കൂടെ ഉണ്ട്. വെള്ള ടാറ്റ സുമോ-നാലെണ്ണം. വടിവാള്‍,വെട്ടുകത്തി-ആവശ്യത്തിനു.ഗുണ്ടകള്‍ക്ക് ധരിക്കാന്‍ ഉള്ള അണ്ടര്‍ വെയറുകളും ചുവന്ന തലേക്കെട്ടുകളും-എണ്ണം അനുസരിച്ച്. നായികക്ക് ധരിക്കാന്‍ ഉള്ള വസ്ത്രങ്ങള്‍ വളരെ കുറച്ച് മതി.കാരണം മിക്കവാറും സീനുകളില്‍ നായികക്ക് തുണി ഉണ്ടാവില്ല. പിന്നെ ഫൈറ്റ് സീനിന്റെ സമയത്ത് സ്ക്രീനിലൂടെ പാറിക്കളിക്കാന്‍ പാകത്തിന് തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികള്‍,അരിച്ചാക്ക്,ഇഷ്ടിക മതില്‍,ട്യൂബ്,ചില്ലുകൂട്,തൊട്ടാല്‍ പൊട്ടുന്ന കുടിവെള്ള പൈപ്പ്,തുടങ്ങിയ ആവശ്യത്തിന്.


http://i4.ytimg.com/vi/wlqtUB0KRjQ/mqdefault.jpgഇനി വേണ്ടത് ഒരു കഥ ആണ്.അതിപ്പോ വളരെ വ്യത്യസ്തം ആയത് തന്നെ വേണം.അത്  ഞങ്ങള്‍ മക്കള്‍ക്ക് നിര്‍ബന്ധമാ.ഉദാഹരണത്തിന് ഞാന്‍ ഒരു കഥ പറയാം. അതായത് നായകന്‍ ഒരു പാവപ്പെട്ട വീട്ടിലെ പയ്യന്‍ ആണ്.അവനു സ്വന്തം നാട്ടുകാരെയും ബന്ധുക്കാരെയും കഴിഞ്ഞേ ഒള്ളു ഈ ലോകത്ത് വേറെ ആരും.അത് കാണിക്കാനായി  നായകന്‍ നാട്ടിലെ കൃഷിക്കാരന്റെ തലേലേക്ക് ചാണകക്കൊട്ട എടുത്തു വെച്ച് കൊടുക്കുന്ന രംഗം ഒക്കെ വേണേല്‍ കാണിക്കാം.അങ്ങനെ ഇരിക്കെ ഒരിക്കല്‍ നായകന്‍ വഴീല്‍ വെച്ച് നായികേനെ കാണും.റോഡില്‍ക്കൂടെ നടന്നു പോകുമ്പോ അവര് തമ്മില്‍ കൂട്ടി മുട്ടുന്നു.അപ്പൊ ഷോക്ക് അടിക്കുന്ന പോലെ എന്തൊക്ക്യോ ലൈറ്റ് ഒക്കെ നായകന്റെം നായികേടെം മേല്ക്കൂടെ പോവുന്നതായി കാണിക്കണം.ഇവിടെ ആണ് നമ്മള്‍ പവര്‍പോയന്റ് ബുദ്ധിപരമായി ഉപയോഗിക്കേണ്ടത്.അപ്പൊ നായികക്കും നായകനും പഴേ ജന്മത്തിലെ കഥ ഒക്കെ ഓര്മ വരുന്നതായി കാണിക്കണം. കഴിഞ്ഞ ജന്മത്തില്‍ അവര്  പോഴക്കരയില്‍ക്കൂടേം തെങ്ങിന്‍ തോപ്പിലൂടേം ഒക്കെ പ്രണയിച്ചു നടന്നതും അങ്ങനെ നടക്കുമ്പോ പെട്ടെന്ന് ഒരു തേങ്ങ തലയില്‍ വീണ്  പ്രാണനാഥന്‍  മരിച്ചു പോയ സംഭവവും ഒക്കെ നായികേടെ മനസ്സിലേക്ക് ഓടി വരും.അതില്‍ മനം നൊന്ത് നായിക തേങ്ങ വെള്ളത്തില്‍ ഫ്യൂരടാന്‍ കലക്കി കുടിച്ച് അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്യുന്ന രംഗം ഒക്കെ ആള്‍ക്കാരുടെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലും. അങ്ങനെ പുതിയ ജന്മത്തില്‍ വച്ച് അവര്‍ ഒന്നിക്കുകയാണ്. ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് പാട്ടെങ്കിലും നിര്‍ബന്ധമായും കാണിച്ചിരിക്കണം.


അങ്ങനെ ആദ്യ പകുതി തീരാനാവുമ്പോഴേക്ക്  വില്ലനെ കാണിക്കണം.മേല്‍ പറഞ്ഞ സുമോ,വടിവാളുകള്‍ തുടങ്ങിയവ എല്ലാം വില്ലന്റെ ആളുകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ വേണ്ട സാധനങ്ങള്‍ ആണ്.നായകന്‍ അതിലൊന്നും തൊടാന്‍ പാടില്ല.വന്ന പാടെ തന്നെ വില്ലന്‍ നായികേനെ തട്ടിക്കൊണ്ട് പോവും.അത് നായകനെ വില്ലന്റെ അടുത്തേക്ക് വരുത്താന്‍ ഉള്ള അടവായിരുന്നു എന്ന് പക്ഷെ ആര്‍ക്കും മനസ്സിലാവില്ല.അതാണ്‌ ഏറ്റോം വല്ല്യ ട്വിസ്റ്റ്‌. അതിനിടക്ക് നായകന് വില്ലനോട് ദേഷ്യം തോന്നാന്‍ ഉള്ള ഒരു കാരണം ഉണ്ട്.അതായത് വില്ലന്റെ പപ്പട ഫാക്ടറിയില്‍ ആണ് നായകന്‍റെ അച്ഛന്‍ പണ്ട് ജോലി ചെയ്തിരുന്നത്.അവിടന്ന് ദുഷ്ടനായ മൊതലാളി കൊടുക്കുന്ന തുച്ഛമായ ശമ്പളം കൊണ്ടായിരുന്നു ആ അച്ഛന്‍ നായകനെ വളര്‍ത്തിയിരുന്നത്. പപ്പട ഫാക്ടറിയില്‍ ആണ് തൊഴില്‍ എങ്കിലും ജോലിക്കാര്‍ക്ക് ഒറ്റ പപ്പടം പോലും മൊതലാളി സൗജന്യമായി കൊടുക്കില്ലായിരുന്നു,വല്ല്യ പെരുന്നാളിന്റെ അന്ന് പോലും. സ്വന്തം മക്കള്‍ പപ്പടം ഇല്ലാതെ കഞ്ഞി കുടിക്കുന്നത് കണ്ടു മനം നൊന്ത ആ പിതാവ് ഒരിക്കല്‍ പപ്പട ഫാക്ടറിയില്‍ നിന്നും രണ്ടു പാക്കറ്റ് പപ്പടം മോഷ്ട്ടിക്കുന്നു. അതറിഞ്ഞ അന്ന് മുതല്‍ തുടങ്ങിയ പകയാണ് മൊതലാളിക്ക് ആ കുടുംബത്തോട്.അയാളുടെ ഇടതു കൈ വെട്ടി മാറ്റിയിട്ടും ആ പക അവസാനിക്കുന്നില്ല.അങ്ങനെ ആ മകന്‍ വളര്‍ന്നു വലുതാകുമ്പോ മകനോടും മൊതലാളിക്കു കടുത്ത പക ഉണ്ടാവുന്നു.അത് നുരഞ്ഞു പൊങ്ങിക്കൊണ്ടേ ഇരിക്കും.ഇത്  സിമ്പോളിക്കല്‍ ആയി കാണിക്കാനായി ബിയറു കുപ്പി പതഞ്ഞു പൊങ്ങുന്നത് ഇടയ്ക്കിടെ കാണിക്കാം.


അങ്ങനെ അവസാനം നായകന്‍ വില്ലനെ തേടി വില്ലന്റെ താവളത്തില്‍ എത്തും.അവിടെ ചുവന്ന തലേക്കെട്ടും ലുങ്കിയും ഒക്കെ ഇട്ട കൊറേ കാവല്‍ക്കാര്‍ ഒക്കെ ഉണ്ടാവും.പക്ഷെ നായകന്‍ അടിക്കുമ്പോ അവരൊക്കെ സ്ലോമോഷനില്‍ പറക്കണം.കൊറേ കരിയില ഒക്കെ അന്തരീക്ഷത്തില്‍ക്കൂടെ പറന്നു കളിക്കുന്നതായി കാണിക്കണം.ഗുണ്ടകള്‍ വരുന്ന സുമോകള്‍  നായകന്‍റെ ചുറ്റും വട്ടത്തില്‍ ഓടിക്കണം.അപ്പൊ നായകന്‍ വണ്ടിയുടെ ചില്ലിന്റെ ഉള്ളിലേക്ക് ചാടിക്കേറി ഗുണ്ടകളെ ഓരോന്നോരോന്നായി കൊന്നൊടുക്കും.റോഡില്‍ നടക്കുന്ന ഒന്നാന്തരം ഒരു ഫയ്റ്റ് സീനിന്റെ സാമ്പിള്‍ ഇവിടെ കൊടുക്കുന്നുണ്ട്. അവസാനം നായകന്‍റെ രണ്ടു കയ്യും വെട്ടി ഇടുമ്പോഴേക്കും നായകന്‍ ക്ഷീണിക്കും.നായകന്‍റെ മേല്‍ നിന്നൊക്കെ ചോര വരാന്‍ തുടങ്ങും.തക്കാളി സോസ് വെച്ചാണ് സാധാരണ ഇങ്ങനത്തെ റിസ്കി ആയ  സീന്‍ ഒക്കെ ചെയ്യുന്നത്. സംസാരിക്കാന്‍ വെമ്പുന്ന നായകന്‍ അപ്പൊ  തന്റെ പോക്കറ്റില്‍ കയ്യിട്ട്  രണ്ടു പാക്കറ്റ് പപ്പടം പുറത്തെടുക്കും. അത് കവര്‍ പൊട്ടിച്ച് വില്ലന്റെ മേലേക്ക് എറിഞ്ഞു കൊടുക്കും.അത് അള്‍ട്രാ മോഷനില്‍ വില്ലന്റെ മേല്‍ വന്ന് വീഴുന്നതായി കാണിക്കണം.അത് കഴിഞ്ഞുള്ള നായകന്‍റെ ഡയലോഗ് ആയിരിക്കും പടത്തിലെ കൊല മാസ് സീന്‍. നായകന്‍ പറയും "మీరు మరొకసారి పాత పప్పడం గురించి మాట్లాడటం ధైర్యం ఉంటే, అప్పుడు నేను మీ నాలుక బయటకు లాగండి ఉంటుంది" അതായത് "What did you say,pappadam...?? If you dare to speak that word once more,then i will pull out your bloody tongue" എന്ന് മലയാളം.നായകന്‍ ഇത് പറയുമ്പോ നല്ല രീതിയില്‍ കാറ്റ് വീശും.ശങ്കിന്റെ ഒച്ച ഒക്കെ ഉണ്ടാവും.ഇടയ്ക്കിടെ കാളിയുടെ വിഗ്രഹം ഒക്കെ സ്ക്രീനില്‍ മിന്നി മിന്നി കാണിക്കണം. ഇത് പറഞ്ഞ് കഴിഞ്ഞ് നായികേന്റെ തോളില്‍ കയ്യിട്ട് നായകന്‍ നടന്നു നീങ്ങുമ്പോ ക്യാമറ പുറകില്‍ നിന്നും കാണിക്കും.അപ്പൊ തിയേറ്ററില്‍  വന്‍ കയ്യടി ആയിരിക്കും.....

1 comment: